അജിത് കുമാറിനെതിരെ റിപ്പോർട്ട് തയാറാക്കാൻ 8 മണിക്കൂർ മാരത്തൺ യോഗം; ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കും

രാത്രി 11 മണിക്ക് ശേഷവും യോഗം തുടർന്നു

Update: 2024-10-05 03:16 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരായ നടപടികളുടെ ഭാഗമായി പൊലീസ് ആസ്ഥാനത്ത് ഇന്നലെ രാത്രി നടന്നത് എട്ടു മണിക്കൂർ നീണ്ട യോഗം. റിപ്പോർട്ടിന്റെ അന്തിമരൂപം തയാറാക്കാനായിരുന്നു യോഗം. ഇന്ന് രാവിലെ തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം.

ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേർന്നത്. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. രാത്രി 11 മണിക്ക് ശേഷവും യോഗം തുടർന്നതായാണു വിവരം. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് പൂർത്തിയാക്കിയത്. പി.വി അൻവർ എംഎൽഎ നൽകിയ പരാതികളിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലുമുള്ള അന്വേഷണ റിപ്പോർട്ടുകളാണ് സമർപ്പിക്കുക.

അൻവർ നൽകിയ പരാതികളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. എന്നാൽ, റിപ്പോർട്ട് സമർപ്പിച്ചിരുന്നില്ല. തുടർന്ന് ഇന്നലെ വൈകീട്ടോടെ റിപ്പോർട്ട് നൽകുമെന്ന് പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് അന്വേഷണ സംഘാംഗങ്ങളെ അറിയിച്ചു. എന്നാൽ, രാത്രി വൈകിയും അതുണ്ടായില്ല.

ഇന്ന് രാവിലെ തന്നെ ഇരു റിപ്പോർട്ടുകളും മുഖ്യമന്ത്രിക്ക് കൈമാറാനാണ് തീരുമാനം. ഡിജിപി നൽകുന്ന റിപ്പോർട്ടിലെ കണ്ടെത്തലുകളും ശിപാർശകളും പരിശോധിച്ച ശേഷമാവും അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കുക.

Summary: 8-hour long meeting held at the police headquarters last night as part of the proceedings against ADGP Ajith Kumar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News