എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിടണം; ആവശ്യവുമായി വെൽഫെയർ പാർട്ടി
''സംവരണതത്വം പാലിക്കാറില്ലെന്നു മാത്രമല്ല വലിയ സംഖ്യ ഉദ്യോഗാർത്ഥികളിൽനിന്ന് കോഴ വാങ്ങിയാണ് ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടക്കാറുള്ളത്.'' വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിമ്പലം
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തൊട്ടടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ നിയമം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിലെ നിയമനം സർക്കാരിന് വിട്ടുകൊടുക്കാൻ തയാറാണെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് സ്വാഗതാർഹമാണ്. കാലങ്ങളായി മാനേജ്‌മെന്റുകൾ നിയമിക്കുകയും സർക്കാർ ശമ്പളം നൽകുകയും ചെയ്യുന്ന രീതിയാണ് എയ്ഡഡ് സ്‌കൂളുകളിൽ തുടരുന്നത്. സംവരണതത്വം പാലിക്കാറില്ലെന്നു മാത്രമല്ല നാമമാത്രമായ പ്രാതിനിധ്യം പോലും പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്ക് നിയമനത്തിൽ ലഭ്യമാകാറില്ല. വലിയ സംഖ്യ ഉദ്യോഗാർത്ഥികളിൽനിന്ന് കോഴ വാങ്ങിയാണ് ഒട്ടുമിക്ക എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടക്കാറുള്ളത്. ഈ സമ്പ്രദായം മാറുകയും സംവരണതത്വമടക്കം പാലിച്ച് യോഗ്യതയുള്ളവരെ നിയമിക്കുന്ന തരത്തിൽ നിയമനം പി.എസ്.സിക്ക് വിടുകയും ചെയ്യണം-ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.
സർക്കാർ ഇതിന് തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സാമൂഹ്യനീതിക്ക് വേണ്ടി നിലകൊള്ളുന്ന എസ്.എൻ.ഡി.പി യോഗം ശക്തമായ ബഹുജന സമ്മർദം സർക്കാരിൽ ചെലുത്തണമെന്നും മറ്റ് എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളും വിദ്യാലയങ്ങൾ നടത്തുന്ന മത-സാമുദായിക സംഘടനകളും ഈ നിലപാടിനൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Summary: Aided school appointment should be left to PSC: Welfare Party