വിമാന പ്രതിഷേധക്കേസ്: കോടതി മാറ്റിയതിനെ എതിർത്ത് പ്രതിഭാഗം
നേരത്തെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയിരുന്നു
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന പ്രതിഷേധ ത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ കോടതി മാറ്റിയതിനെ എതിർത്ത് പ്രതിഭാഗം വീണ്ടും കോടതിയെ സമീപിച്ചു. ഹരജിയിൽ ഉച്ച കഴിഞ്ഞ് വാദം കേൾക്കാമെന്ന് അറിയിച്ച കോടതി കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകി. നേരത്തെ പ്രോസിക്യൂഷൻ വാദം അംഗീകരിച്ച് കേസ് ജില്ല കോടതിയിലേക്ക് മാറ്റിയിരുന്നു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിൽ ഇൻഡിഗോ അധികൃതരുടെ പരാതി കോടതിയിൽ നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മുന്നറിയിപ്പ് ലംഘിച്ച് മൂന്നുപേർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് നീങ്ങിയതായാണ് പരാതി. വിമാനക്കമ്പനിയുടെ പരാതി ഇല്ലാതെ കേസ് നിലനിൽക്കില്ലെന്ന് പ്രതിഭാഗം ഇന്നലെ വാദിച്ചിരുന്നു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് യൂത്ത് കോൺഗ്രസുകാരും പ്രതികളാണ്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ ആർ.കെ,യൂത്ത് കോൺ മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്ത് എന്നിവർക്കെതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. അധ്യാപകനായ ഫർസിൻ മജീദിനെ ജോലിയിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് പരാതി നൽകുന്നതടക്കം സംഭവത്തിൽ കൂടുതൽ നിയമ നടപടിക്കൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയെ അപായപ്പെടുത്താനായിരുന്നു വിമാനത്തിൽ പ്രതിഷേധിച്ചവർ ശ്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ചുമത്തിയത്. അതേസമയം, കരിങ്കൊടി കാട്ടി പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തിനെ നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇ.പി ജയരാജൻ പ്രവർത്തകരെ കൈയേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അതോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിൽനിന്ന് തിങ്കളാഴ്ച 3.45-ന് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്കെതിരേയുള്ള പ്രതിഷേധം നടന്നത്.