ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ ആക്രമിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി
കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. ഫോൺ ഉപയോഗം ചോദ്യം ചെയ്തതിന് ജയിലറെ ആക്രമിച്ച കേസിലായിരുന്നു കാപ്പ. കേസ് കാപ്പ ചുമത്താൻ പര്യാപ്തമല്ലെന്ന് കാട്ടിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. മകളുടെ പേരിടൽ ചടങ്ങിനിടെ കഴിഞ്ഞ മാസമാണ് ആകാശിനെ വീണ്ടും കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത്.
രണ്ട് തവണ ആകാശിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. വധക്കേസിലടക്കം പ്രതിയായതിനായിരുന്നു ആദ്യത്തെ കാപ്പ. തുടർന്ന് വിയ്യൂർ ജയിലിൽ അടച്ചു. ആറുമാസത്തിന് ശേഷം ജയിൽമോചിതനായി പുറത്തിറങ്ങിയെങ്കിലും സെപ്റ്റംബറിൽ കാപ്പ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വിയ്യൂർ ജയിലിൽ കഴിയവേ ജയിലറെ ആക്രമിച്ച കേസിലാണ് കാപ്പ ചുമത്തിയത്. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് കാപ്പ ഒഴിവാക്കാൻ ആഭ്യന്തര വകുപ്പ് നടപടിയെടുത്തത്. ജയിലിനകത്ത് നടന്ന സംഭവമായതിനാൽ കാപ്പ ചുമത്താൻ കേസ് പര്യാപ്തമല്ലെന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിൽ പറയുന്നത്.