ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ
കഴിഞ്ഞ മാസം 27 നാണ് കാപ്പാ കാലാവധി കഴിഞ്ഞ് ആകാശ് ജയിൽ മോചിതനായത്
കണ്ണൂർ: ഗുണ്ടാ ആക്ട് പ്രകാരം ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശിനെ കാപ്പ ചുമത്തി ആറ് മാസത്തോളം ജയിലിൽ അടച്ചിരുന്നു. കഴിഞ്ഞ മാസം 27 ന് കാപ്പാ കാലാവധി കഴിഞ്ഞ് ജയിൽ മോചിതനായ ആകാശിനെ ഇന്ന് ഉച്ചക്കാണ് മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ജയിലിൽ കഴിഞ്ഞിരുന്ന സമയത്ത് ജയിലിനകത്ത് സംഘർഷമുണ്ടാകുകയും ഇതിൽ ബി.ജെ.പി പ്രവർത്തകർക്കും സംഘർഷം തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. ഈ കേസിലാണ് ആകാശിനെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് സി.പി.എം അനുകൂലികള്‍ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാൽ സി.പി.എം പ്രാദേശിക നേതൃത്വം ഇടപെട്ട് ഇവരെ അനുനയിപ്പിച്ചു.
2018 ഫെബ്രുവരി 12ന് എടയന്നൂരിലാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലും പ്രധാന പ്രതിയാണ് ആകാശ്. തട്ടുകടയിൽ സുഹൃത്തുകൾക്കൊപ്പം ചായ കുടിക്കുമ്പോൾ ക്വട്ടേഷൻ സംഘം ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷുഹൈബ് വധക്കേസിന് പുറമെ ആർഎസ്എസ് പ്രവർത്തകൻ വിനീഷിൻറെ കൊലപാതകമടക്കം 12 കേസുകളിൽ പ്രതിയാണ് ആകാശ്. ഷുഹൈബ് വധക്കേസിൽ പ്രതിയായതോടെ ആകാശിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.