ഫോണിലൂടെ ഭീഷണിപ്പെടുത്തി,അസഭ്യം പറഞ്ഞു; ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി വനിതാ ന്യൂനപക്ഷ മോർച്ച നേതാവ്
ബി.ജെ.പി കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി ബാലു നായര്‍ക്കെതിരെയാണ് പരാതി
ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി വനിതാ ന്യൂനപക്ഷ മോർച്ച നേതാവ്. ബി.ജെ.പി കഴക്കൂട്ടം മണ്ഡലം ജനറൽ സെക്രട്ടറി ബാലു നായര്‍ക്കെതിരെയാണ് പരാതി. വനിത നേതാവിനെ അസഭ്യം പറഞ്ഞതായാണ് ആരോപണം.
ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് തങ്കച്ചിയാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്കച്ചിയെ ബാലു നായര്‍ ഫോണിലൂടെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. മേയ് 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരൻ തീരദേശ മേഖലകൾ സന്ദർശിച്ചതിന് പിന്നാലെ വിവരം അന്വേഷിച്ച് ഫോണിൽ വിളിച്ച തന്നെ ബാലു അസഭ്യം പറയുകയായിരുന്നു എന്ന് തങ്കച്ചി പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖയും തങ്കച്ചി പുറത്ത് വിട്ടു.
എന്നാൽ പ്രചരിക്കുന്ന ശബ്ദം തന്‍റേതല്ലെന്നും ഇതിനെതിരെ പാർട്ടിയിൽ പരാതി കൊടുത്തിട്ടുണ്ടെന്നുമായിരുന്നു ബാലുവിന്‍റെ പ്രതികരണം. പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പോലിസ് തങ്കച്ചിയുടെ മൊഴി രേഖപ്പെടുത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനു വേണ്ടി തങ്കച്ചി സജീവമായി പ്രവർത്തിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് രാഷ്ട്രീയമാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമെന്ന ആരോപണവും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്.