'ആരോപണങ്ങൾ അടിസ്ഥാനരഹിതം'; കോഴ ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്
താൻ അജിത് പവാറിനൊപ്പം നിന്നിട്ടില്ലെന്നും ശരത് പവാറിനൊപ്പമാണെന്നും തോമസ്
തിരുവനന്തപുരം: കോഴ ആരോപണം നിഷേധിച്ച് തോമസ് കെ. തോമസ്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്നതെന്നും തോമസ് കെ. തോമസ് പറഞ്ഞു.
താൻ അജിത് പവാറിനൊപ്പം നിന്നിട്ടില്ലെന്നും ശരത് പവാറിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. തന്നെയും ശശീന്ദ്രനെയും അജിത് പവാറിന് വേണ്ടെന്നും തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണങ്ങൾക്ക് കോവൂർ കുഞ്ഞുമോൻ ശക്തമായ മറുപടി പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും വാ അടയാൻ ആ ഒരു മറുപടി മതി. തോമസ് കൂട്ടിച്ചേർത്തു. ആരോപണങ്ങൾക്കു പിന്നിൽ ആൻ്റണി രാജുവാണെന്നും തോമസ് ആരോപിച്ചു. ജനാധിപത്യ കേരള കോൺഗ്രസിന് കുട്ടനാട് സീറ്റ് കൈവശപ്പെടുത്താൻ വേണ്ടിയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
താൻ മന്ത്രിയാകില്ലെന്ന് ആൻ്റണി രാജു പറഞ്ഞിട്ടില്ല. ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രി നല്ല മനുഷ്യനാണ്. മുഖ്യമന്ത്രിയിൽ പരിപൂർണ വിശ്വാസം. കോഴ ആരോപണം കെട്ടിചമച്ച കഥയാണ്. സമഗ്ര അന്വഷണം വേണം. തോമസ് പറഞ്ഞു.