നിലമ്പൂരില്‍ കള്ളവോട്ട് ചേര്‍ത്തെന്ന ആരോപണം; യുഡിഎഫ് പരാതി കൊടുക്കട്ടെയെന്ന് വി.പി അനിൽ
യുഡിഎഫ് നേതാക്കളുടെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍


മലപ്പുറം: നിലമ്പൂരില്‍ കള്ളവോട്ട് ചേര്‍ത്ത് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന യുഡിഎഫ് ആരോപണത്തിന് മറുപടിയുമായി സിപിഎം. യുഡിഎഫ് നേതാക്കളുടെ സ്വന്തം അനുഭവത്തില്‍ നിന്നാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി അനില്‍ പറഞ്ഞു. കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെങ്കില്‍ യുഡിഎഫ് പരാതി കൊടുക്കട്ടെയെന്നും അനില്‍ മീഡിയവണിനോട് പറഞ്ഞു.
നിലമ്പൂരിലെ കരട് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുണ്ടെന്നാണ് യുഡിഎഫ് ആരോപണം. മണ്ഡലത്തിന് പുറത്തുള്ളവരും നിലമ്പൂരില്‍ സ്ഥിരതാമസക്കാരല്ലാത്തവരും കരട് വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു. കള്ളവോട്ട് ചേര്‍ത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമമെന്നും ആരോപിക്കുന്നു. തെളിവുകള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് മുസ്‍ലിംലീഗ് വ്യക്തമാക്കിയിരുന്നു.