അനില്‍ ആന്‍റണി ഏജന്‍റ് എക്സ്? നിലത്തുനിര്‍ത്താതെ ട്രോളന്മാര്‍, ട്രോള്‍ പൂരം
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തിൽ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയാണ് അനില്‍ ആന്‍റണിയുടെ ബി.ജെ.പി പ്രവേശനം
കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ ശരിക്കും 'എയറിലായത്' കേരളത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ പുതിയ മുഖം അനില്‍ ആന്‍റണിയാണ്. അനില്‍ ആന്‍റണിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കുന്നത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും അനില്‍ സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ വിധി ദിനമായ ഇന്ന് അനില്‍ ആന്‍റണിയുടെ ബി.ജെ.പി പ്രവേശനത്തെയടക്കം ട്രോളും പരിഹാസവുമായാണ് ട്രോളന്മാര്‍ നേരിട്ടത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഈ നിമിഷം വരെ അനില്‍ ആന്‍റണി ഒരു പ്രതികരണവും അറിയിച്ചില്ലായെന്നതിനെയുള്‍പ്പെടെ ട്രോളന്മാര്‍ ആഘോഷമാക്കുന്നുണ്ട്.
അനില്‍ ആന്‍റണി ബി.ജെ.പിയുടെ മാന്‍ഡ്രേക്കായെന്നാണ് ഒരു ട്രോള്‍. എന്നാല്‍ അദ്ദേഹം മാന്‍ഡ്രേക്കല്ല കോണ്‍ഗ്രസ് പറഞ്ഞുവിട്ട 'അണ്ടര്‍ കവര്‍ ഏജന്‍റാണെന്നാണ്' മറ്റൊരു ട്രോള്‍. കമല്‍ ഹാസന്‍ നായകനായി പുറത്തുവന്ന 'വിക്രം' സിനിമയിലെ ഏജന്‍റിന് സമാനമായ രീതിയില്‍ എഡിറ്റ് ചെയ്ത ചിത്രത്തോടെയാണ് ട്രോള്‍ പുറത്തിറക്കിയത്. ബിജെപിയില്‍ നുഴഞ്ഞുകയറിയ അനില്‍ ആന്‍റണി ഏജന്‍റ് XYZ ആണെന്നും മറ്റു ചിലര്‍ ട്രോളിലൂടെ പറഞ്ഞുവെക്കുന്നു.
ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ ബി.ബി.സി ഡോക്യുമെന്‍ററി വിവാദത്തിൽ ബിജെപിയെ പിന്തുണച്ചതിന് പിന്നാലെയാണ് അനില്‍ ആന്‍റണിയുടെ ബി.ജെ.പി പ്രവേശനം. അധികം വൈകാതെ എ.ഐ.സി.സി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്‍ ദേശീയ കോ ഓര്‍ഡിനേറ്റർ പദവി രാജിവച്ചു. പിന്നാലെ ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന് ബി.ജെ.പി ദേശീയ ആസ്ഥാനത്തെത്തി കേന്ദ്ര മന്ത്രി പീയുഷ് ഗോയലില്‍ നിന്നാണ് അനില്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നത്.