പുരാവസ്തു തട്ടിപ്പ് കേസ്; അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അനിത പുല്ലയില്‍
മോന്‍സണുമായി ബന്ധമുള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അനിത ആവശ്യപ്പെട്ടു.
മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലടക്കമുള്ള അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അനിത പുല്ലയില്‍. ഇതുവരെ ആരും വിളിച്ചിട്ടില്ല, നാട്ടിലേക്ക് വരാന്‍ ഒരു വിലക്കുമില്ല, ആവശ്യമെങ്കില്‍ വരുമെന്നും അനിത മീഡിയവണിനോട് പ്രതികരിച്ചു.
മോന്‍സണുമായി ബന്ധമുള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അനിത ആവശ്യപ്പെട്ടു. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സുഹൃത്തായിരുന്ന അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. ഇറ്റലിയിലുള്ള അനിതയെ നോട്ടീസയച്ച് വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മോന്‍സന്‍റെ സ്റ്റാഫിന് അങ്ങോട്ട് പണം നല്‍കിയിട്ടുണ്ട്. അനാഥകളെ സഹായിക്കാന്‍ പണം ചെലവാക്കിയിട്ടുണ്ട്. തട്ടിപ്പുകാരിയാണെങ്കില്‍ വിദേശത്ത് താമസിക്കുന്ന തനിക്കെതിരെ ഒരു പരാതിയെങ്കിലും ഉണ്ടാകില്ലേയെന്നും അനിത ചോദിക്കുന്നു. അങ്ങനെയുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ അവര്‍ വെല്ലുവിളിക്കുകയും ചെയ്തു.
ആളുകളെ പറ്റിക്കുന്ന ശീലം എനിക്കില്ല. അങ്ങോട്ട് കൊടുക്കാനേ അറിയൂ. ഒരു രാജാവിനെ പോലെ ജീവിച്ചിരുന്നവനാണ് അറസ്റ്റിലായത്. അവനെ സഹായിച്ചവർക്ക് വിഷമമുണ്ടാകും. അവനുമായി ബന്ധപ്പെട്ട ഉന്നതരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയ്‍ല്‍സ് പരിശോധിക്കണം- അനിത കൂട്ടിച്ചേര്‍ത്തു.
തനിക്ക് നല്ലപോലെ അറിയുന്ന ഒരാള്‍ എല്ലാവരേയും പറ്റിക്കുന്നു. താനത് മറച്ചുവെക്കണമായിരുന്നോ, തട്ടിപ്പ് പുറത്തെത്തിച്ചതാണോ താന്‍ ചെയ്ത തെറ്റെന്നും അവര്‍ ചോദിക്കുന്നു. നിറം പിടിപ്പിച്ച കഥകളാണ് തന്നെപ്പറ്റി മെനയുന്നതെന്നും സത്യം ഒരുനാള്‍ പുറത്തുവരുമെന്നും അനിത വ്യക്തമാക്കി.