അഞ്ചാംപാതിര പ്രചോദനമായി; വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും ശ്യാംജിത്ത് വധിക്കാൻ പദ്ധതിയിട്ടു

തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യാംജിത്ത് ഇക്കാര്യം പൊലീസിനോട് പറയുന്നത്

Update: 2022-10-23 06:59 GMT
Editor : afsal137 | By : Web Desk
Advertising

കൂത്തുപറമ്പ്: പാനൂർ കൊലക്കേസ് പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'അഞ്ചാംപാതിര'യെന്ന സിനിമ പ്രതിക്ക് പ്രചോദനമായെന്നാണ് പൊലീസ് നൽകുന്ന വിവരം. തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യാംജിത്ത് ഇക്കാര്യം പൊലീസിനോട് പറയുന്നത്. വിഷണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ വധിക്കാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്.

പൊന്നാനി സ്വദേശിയായ സുഹൃത്തും വിഷ്ണുപ്രിയയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പ്രതി സംശയിച്ചിരുന്നു. ഇത് വിഷ്ണുപ്രിയയുടെ സുഹൃത്തിനോടുള്ള വിരോധത്തിന് കാരണമായെന്നാണ് പൊലീസ് നൽകുന്ന വിവരം. ആദ്യം ആരെ കൊലപ്പെടുത്തുമെന്ന കാര്യത്തിൽ പ്രതി തീരുമാനമെടുത്തിരുന്നില്ല. വിഷണുപ്രിയയെ വധിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയപ്പോളാണ് പ്രതി കൃത്യം നടത്തിയത്. തൊട്ടുപിന്നാലെ ഇതേ ആയുധംവെച്ച് വിഷണുപ്രിയയുടെ സുഹൃത്തിനെയും വധിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. വിഷ്ണുപ്രിയയെ കൊലപ്പെടുത്തുമ്പോൾ താൻ പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസം പ്രതിക്കുണ്ടായിരുന്നു. എന്നാൽ കേസിൽ നിർണായകമായത് കൊല്ലപ്പെടുന്നതിന് മുമ്പ് വിഷ്ണുപ്രിയ സുഹൃത്തുമായി നടത്തിയ വീഡിയോ കോളാണ്. ഇതാണ് ശ്യാംജിത്തിനെ പിടികൂടാൻ പൊലീസിനെ സഹായിച്ച പ്രധാന ഘടകം.

സ്വന്തമായി ആയുധമുണ്ടാക്കുക, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരാളുടെ മുടി തെളിവായി പൊലീസിന് നൽകുക തുടങ്ങിയ കാര്യങ്ങൾ സിനിമയിൽ നിന്ന് കണ്ടുപഠിച്ചെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. സിനിമ 20 തവണയാണ് ശ്യാംജിത്ത് കണ്ടത്. ഇത് കൂടാതെ കൊലപ്പെടുത്തുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രതി ഗൂഗിളിന്റെ സഹായവും തേടിയിരുന്നു. കത്തിയുണ്ടാക്കാനാവശ്യമായ വസ്തുക്കൾ ഓൺലൈൻ വഴിയാണ് പ്രതി വാങ്ങിയത്.

വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയെന്ന കേസിൽ രാവിലെയാണ് പ്രതി ശ്യാംജിത്തുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. വിഷ്ണുപ്രിയയുടെ കഴുത്തറുത്ത് കൊല്ലാൻ ഉപയോഗിച്ച കത്തി ശ്യാംജിത്ത് സ്വയം നിർമ്മിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. കൊലയ്ക്കു ശേഷം പ്രതി വീടിന് സമീപത്തുള്ള കുളത്തിലാണ് ആയുധങ്ങളടങ്ങിയ ബാഗ് ഉപേക്ഷിച്ചത്. ആയുധങ്ങൾക്കൊപ്പം വെട്ടുകല്ലിട്ട് ശ്യാംജിത്ത് ബാഗ് കുളത്തിൽ താഴ്ത്തുകയായിരുന്നു. കൂത്തുപ്പറമ്പ് മാനന്തേരിയിലെ അങ്ങാടി കുളത്തിലാണ് തെളിവെടുപ്പിനായി അന്വേഷണ സംഘമെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഇവിടെയെത്തി കുളിച്ചിരുന്നു.

ബാഗിൽ ബാർബർ ഷോപ്പിൽ നിന്ന് ശേഖരിച്ച മുടിയും കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. തെളിവെടുപ്പിനായി കൊണ്ടുവന്ന പ്രതിയുടെ മുഖത്ത് ഭാവഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല. പ്രതിയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയ തെളിവുകളെല്ലാം പൊലീസ് ഇതിനോടകം ശേഖരിച്ചിട്ടുണ്ട്. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കന്നിപ്പോയിലും പാനൂർ സി.ഐ ആസാദിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിനായെത്തിയത്. കൂത്തുപ്പറമ്പിലെ കടയിൽ നിന്നാണ് വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ചുറ്റികയും കഴുത്തറുക്കാൻ ഉപയോഗിച്ച കത്തിയും വാങ്ങിയതെന്നാണ് ശ്യാംജിത്തിന്റെ മൊഴി. ഈ കട പൊലീസ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. കടയെ കേന്ദ്രീകരിച്ചും പൊലീസ് തെളിവെടുപ്പ് നടത്തി.

വിഷ്ണുപ്രിയയെ കൊല്ലാനെത്തിയ പ്രതി ശ്യാംജിത്തിനെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇയാൾ വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും മുകുന്ദൻ പറഞ്ഞു. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതിയുടെ കൈവശം ബാഗുണ്ടായിരുന്നു. പ്രതിയെ രണ്ടോ മൂന്നോ ആളുകൾ കണ്ടിട്ടുണ്ട്. ഇയാൾ ഷർട്ടും പാന്റും ധരിച്ചാണ് എത്തിയതെന്നും, എന്നാൽ പ്രതിയുടെ മുഖം കാണാനായില്ലെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു. അതേസമയം വിഷ്ണുപ്രിയയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം. കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്തിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.

കൊലപാതകം പ്രതി ശ്യാംജിത്ത് ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കൊലപാതകത്തിനായി എത്തിയ പ്രതി പരിസരം നിരീക്ഷിച്ച് നടക്കുന്നത് സമീപവാസിയായ മുകുന്ദൻ കണ്ടിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിഷ്ണു പ്രിയ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായും വിവരമുണ്ട്. കൊലപാതകത്തിനായി എത്തിയ പ്രതിയെ വീഡിയോ കോളിലൂടെ തത്സമയം കണ്ട വിഷ്ണുപ്രിയുടെ സുഹൃത്ത് കേസിൽ പ്രധാന സാക്ഷിയാകും. ഇന്ന് വൈകിട്ടോടെ പ്രതിയെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. പോസ്റ്റുമോർട്ടത്തിന് ശേഷം വിഷണുപ്രിയയുടെ മൃതദേഹം സംസ്‌കരിക്കും.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News