തിരുവനന്തപുരത്ത് വീണ്ടും ടിപ്പർ അപകടം: സ്‌കൂട്ടർ യാത്രികന് പരിക്ക്
മണ്ണ് കൊണ്ടുപോകാനെത്തിയ ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്
തിരുവനന്തപുരം: ജില്ലയിൽ വീണ്ടും ടിപ്പർ അപകടം. കാട്ടാക്കട നക്രാംചിറയിൽ ടിപ്പറിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്കേറ്റു. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് കൊണ്ടുപോകാനെത്തിയ ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. യുവാവ് ടിപ്പറിന്റെ ടയറിനടിയിൽപെടുകയായിരുന്നു.
കഴിഞ്ഞ ദിവസം പനവിളയിൽ ടിപ്പർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചിരുന്നു. മലയിൻകീഴ് സ്വദേശി സുധീർ ജിഎസാണ് മരിച്ചത്. വൈകിട്ട് മൂന്നരയോടെ പനവിള ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ ഇരുചക്ര വാഹനത്തെ മറികടക്കാനുള്ള ടിപ്പറിന്റെ ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ടിപ്പറിന്റെ മുൻഭാഗത്ത് ഇടിച്ച് റോഡിലേക്ക് വീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ടിപ്പറിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. അപകടസ്ഥലത്ത് വച്ചുതന്നെ ബൈക്ക് യാത്രികൻ മരിച്ചു. മരിച്ച സുധീറിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ ടിപ്പർ ലോറി ഡ്രൈവറെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ സതീഷ് കുമാർ (48) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഐപിസി 279, 304- എ വകുപ്പുകളാണ് ചുമത്തിയത്. ടിപ്പർ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. നിയന്ത്രണം തെറ്റിച്ചുള്ള ടിപ്പറുകളുടെ യാത്ര പരിശോധിക്കുമെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സുരേഷ് ആർ മീഡിയവണിനോട് പറഞ്ഞു.