ഉദ്ഘാടനം ചെയ്തിട്ട് ഒരുമാസം; നാലരക്കോടി രൂപയുടെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു
അപ്രോച്ച് റോഡിന് അടിയിലൂടെ പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല
തിരുവനന്തപുരം: ഉദ്ഘാടനം ചെയ്ത് ഒരു മാസം കഴിഞ്ഞപ്പോഴേക്കും പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നു. തിരുവനന്തപുരം മാറനെല്ലൂരില്‍ മലവിള പാലത്തിൻറെ അപ്പ്രോച്ച് റോഡാണ് തകർന്നത്. റോഡ് തകർന്നതോടെ കോണ്‍ഗ്രസും ബി.ജെ.പിയും പ്രതിഷേധവുമായെത്തി. നാലരക്കോടി രൂപ ചെലവിട്ടാണ് മാറനല്ലൂർ-പുന്നാവൂർ റോഡില്‍ പാലം നിർമിച്ചത്. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും ഇതിനൊപ്പം നിർമിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത് 37 ാം ദിവസമാണ് അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നത്.
അപ്രോച്ച് റോഡിന് അടിയിലൂടെ പോകുന്ന ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയ വിവരം നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നിർമാണത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധ മാർച്ചില്‍ നേരിയ സംഘർഷമുണ്ടായി. അപ്രോച്ച് റോഡ് ഇടിഞ്ഞത് കാരണം പാലത്തിന് ബലക്ഷയം ഉണ്ടാകുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. അപ്രോച്ച് റോഡ് തകർന്നതില്‍ മന്ത്രി മുഹമ്മദ് റിയാസ് പി.ഡബ്ല്യ.ഡി ചീഫ് എഞ്ചിനീയറോട് വിശദീകരണം തേടി.