അനിശ്ചിതത്വത്തിന്റെ 71 ദിനങ്ങൾ; ഒടുവിൽ ഗംഗാവലിയിൽനിന്ന് അർജുന്റെ ലോറി

ജൂലൈ 16നാണ് ഷിരൂരിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അർജുന്റെ ലോറിയും അകപ്പെട്ടത്.

Update: 2024-09-25 12:11 GMT
Advertising

അങ്കോല: 71 ദിവസത്തെ അനിശ്ചിതത്വം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടാണ് ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനിൽനിന്ന് ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇത് അർജുന്റെതാണോ എന്നതിൽ ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.

ജൂലൈ 16നാണ് ഷിരൂരിലുണ്ടായ വൻ മണ്ണിടിച്ചിലിൽ അർജുന്റെ ലോറിയും അകപ്പെട്ടത്. മലയിടിഞ്ഞതിനെ തുടർന്ന് റോഡ് തടസ്സപ്പെട്ടതും പുഴയിലെ അടിയൊഴുക്കുമെല്ലാം രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സം സൃഷ്ടിച്ചിരുന്നു. കർണാടക സർക്കാരിനെതിരെയും വിമർശനമുയർന്നു. അതിനിടെ കേരള സർക്കാരും ജനപ്രതിനിധികളും അർജുന്റെ കുടുംബവും നിരന്തരം ഇടപെട്ടതോടെ കാര്യങ്ങൾ വേഗത്തിലായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ സംഭവസ്ഥലത്ത് നേരിട്ടെത്തിയിരുന്നു.

പുഴയിലെ കനത്ത കുത്തൊഴുക്കിനെ അവഗണിച്ച് രക്ഷാപ്രവർത്തകർ പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ട് മാസങ്ങൾക്ക് ശേഷം കാലാവസ്ഥ അനുകൂലമാവുകയും നദിയിലെ ജലനിരപ്പ് താഴ്ന്നതുമാണ് തിരച്ചിലിന് സഹായകരമായത്. തുടർന്ന് ഡ്രഡ്ജർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.

അർജുനെ എങ്ങനെയങ്കിലും കണ്ടെത്തണമെന്നായിരുന്നു കുടുംബം മുന്നോട്ടുവെച്ച ആവശ്യം. ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ തുടങ്ങിയപ്പോൾ അർജുന്റെ സഹോദരിയും ഭർത്താവും അടക്കമുള്ള ബന്ധുക്കൾ ഷിരൂരിലെത്തിയിരുന്നു. ഒടുവിൽ ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ ഗംഗാവാലിയിൽനിന്ന് ലോറി ലഭിക്കുമ്പോൾ ആശ്വാസകരമല്ലെങ്കിലും അർജുന് എന്ത് സംഭവിച്ചുവെന്ന സമസ്യക്കാണ് ഉത്തരമാകുന്നത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News