വിമാന കമ്പനികളുടെ കൊള്ള കാരണം മരിച്ചാൽ പോലും ദുരിതം; മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് സൗജന്യമാക്കുകയോ നിരക്ക് കുറക്കുകയോ വേണം: അഷ്റഫ് താമരശ്ശേരി
യാത്രാ നിരക്ക് വർധനവ് മൂലമുള്ള ദുരിതം ഒഴിവാക്കണമെന്നത് പ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്
കോഴിക്കോട്: വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യർ മരിച്ചാൽ പോലും ദുരിതമാവുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരി. അയൽ രാജ്യങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ട് പോകുമ്പോൾ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങൾക്ക് ലക്ഷങ്ങൾ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേൽ കുരു എന്ന അവസ്ഥ പോലെയാണെന്ന് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു. കഴിഞ്ഞ ദിവസം മരിച്ച നാലു പേരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയക്കുമ്പോഴുണ്ടായ അനുഭവവും അദ്ദേഹം കുറിപ്പില്‍ വിവരിക്കുന്നുണ്ട്. മൃതദേഹത്തിന്‍റെ കൂടെ നാട്ടിലേക്ക് 5 മണിക്കൂർ ദൈർഘ്യം യാത്ര ചെയ്യുന്ന ബംഗ്ലാദേശിക്ക് ടിക്കറ്റിന് 650 ദിർഹം വരുമ്പോൾ 4 മണിക്കൂറിൽ താഴെ യാത്രാ ദൈർഘ്യം മാത്രമുള്ള കേരളത്തിലേക്കുള്ള മൃതദേഹത്തിന്‍റെ കൂടെ യാത്ര ചെയ്തവരുടെ ടിക്കറ്റ് നിരക്ക് 2500 ദിർഹത്തിന് മുകളിലായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.
അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്
കഴിഞ്ഞ ദിവസം മരണപ്പെട്ട 4 പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. ഇതിൽ വ്യത്യസ്ത രാജ്യക്കാർ ഉണ്ടായിരുന്നു. ഇതിൽ കൗതുകം തോന്നിയ വിഷയം പറയാതെ പോകുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഇവിടെ പറയുന്നത്. കേരളത്തിലേക്കും നമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിലേക്കും മൃതദേഹങ്ങൾ അയക്കാനുണ്ടായിരുന്നു. രണ്ടിടത്തേക്കുള്ള മൃതദേഹങ്ങളുടെ കൂടെയും ബന്ധുക്കൾ യാത്ര ചെയ്തിരുന്നു. ബംഗ്ലാദേശിലേക്ക് 5 മണിക്കൂറിലേറെ യാത്ര വിമാന യാത്രാ ദൈർഘ്യം ഉണ്ട്. കേരളത്തിലേക്ക് കഷ്ടിച്ച് 4 മണിക്കൂറും. മൃതദേഹത്തിന്‍റെ കൂടെ നാട്ടിലേക്ക് 5 മണിക്കൂർ ദൈർഘ്യം യാത്ര ചെയ്യുന്ന ബംഗ്ലാദേശിക്ക് ടിക്കറ്റിന് 650 ദിർഹം വരുമ്പോൾ 4 മണിക്കൂറിൽ താഴെ യാത്രാ ദൈർഘ്യം മാത്രമുള്ള കേരളത്തിലേക്കുള്ള മൃതദേഹത്തിന്‍റെ കൂടെ യാത്ര ചെയ്തവരുടെ ടിക്കറ്റ് നിരക്ക് 2500 ദിർഹത്തിന് മുകളിൽ. എന്തൊരു ക്രൂരതയാണ് ചെയ്യുന്നത്. ബംഗ്ലാദേശ് സ്വന്തം പൗരൻമാർ മരിക്കുമ്പോൾ മൃതദേഹം സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത് എന്നത് കൂടി ഓർക്കണം.
യാത്രാ നിരക്ക് വർധനവ് മൂലമുള്ള ദുരിതം ഒഴിവാക്കണമെന്നത് പ്രവാസികളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സീസൺ വരുമ്പോൾ ഏഴും, എട്ടും ഇരട്ടിയോളം നിരക്ക് വർധനവ് വന്നിട്ടും ഒരു നടപടിയും ഇല്ല. ഒരേ ദൂരത്തേക്ക് ഇത്രയധികം നിരക്ക് വർധിപ്പിക്കുന്നത് അനീതിയാണ്. പ്രവാസികളുടെ കോടിക്കണക്കിന് രൂപയാണ് ഈയിനത്തിൽ ഓരോ വർഷവും നഷ്ടമാകുന്നത്. ഇത് നാടിനുള്ള നഷ്ടം കൂടിയാണ് എന്ന് ഉത്തരവാദിത്തപ്പെട്ടവർ തിരിച്ചറിയാതെ പോകുന്നൂ എന്നതിൽ വലിയ ദുഃഖമുണ്ട്.
കഴിഞ്ഞ ദിവസം മരണപ്പെട്ട രണ്ട് പേരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചു. രണ്ട് പേരും സ്ത്രീകളായിരുന്നു. പ്രവാസ ലോകത്ത് വെച്ച് കുടുംബവുമായി ജീവിക്കുന്നവരിൽ ഒരാൾ മരണപ്പെട്ടാൽ കുട്ടികളടക്കമുള്ള കുടുംബം കൂടെ പോകേണ്ടി വരും. സീസൺ സമയത്ത് ഇത്തരത്തിൽ ഒരാൾ മരണപ്പെട്ടാൽ കൂടെ പോകുന്നവർക്ക് ടിക്കറ്റിന് നൽകേണ്ടി വരുന്നത് ഭീമമായ തുകയാണ്. ഇന്നലെ മരണപ്പെട്ടവരുടെ കൂടെ പോയവർക്ക് ഒരു ലക്ഷത്തിലധികം രൂപയോളമാണ് ടിക്കറ്റിന് വേണ്ടി മാത്രം ചെലവായത്. വിമാന കമ്പനികളുടെ കൊള്ള കാരണം മനുഷ്യർ മരിച്ചാൽ പോലും ദുരിതമാവുകയാണ്. നമ്മുടെ അയൽ രാജ്യങ്ങൾ മൃതദേഹങ്ങൾ സൗജന്യമായി കൊണ്ട് പോകുമ്പോൾ നമ്മുടെ നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങളുടെ കൂടെ പോകുന്ന കുടുംബങ്ങൾക്ക് ലക്ഷങ്ങൾ കൂടി ചെലവഴിക്കേണ്ടി വരുന്നത് കൂനിന്മേൽ കുരു എന്ന അവസ്ഥ പോലെയാണ്.
മൃതദേഹത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് സൗജന്യമാക്കി കൊടുക്കുകയോ നിരക്ക് കുറച്ച് കൊടുക്കുകയോ ചെയ്യുന്ന സംവിധാനം സർക്കാർ തലത്തിൽ ചെയ്യേണ്ടതുണ്ട്. പ്രിയപ്പെട്ടവർ മരണപ്പെട്ട സാഹചര്യത്തിലുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ടിനിടയിൽ വലിയ സാമ്പത്തികമായ ബാധ്യതകൾ കൂടി ഏറ്റെടുക്കേണ്ടി വരുന്ന കുടുംബങ്ങളുടെ ദുരവസ്ഥ നിരന്തരം കാണേണ്ടി വരികയാണ്. വേനലവധി അടുത്ത് വരുന്നതോടെ ടിക്കറ്റ് നിരക്ക് അങ്ങേയറ്റം ഉയരുകയും ഇത്തരം ദുരവസ്ഥകൾ കൂടുകയും ചെയ്യും. പ്രവാസികളെ കാര്യമായി ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ അധികാരികൾ മുഖവിലക്ക് എടുക്കുന്നില്ല എന്നത് ഏറെ ഖേദകരമാണ്. പ്രവാസികളുടെ ഇത്തരം ദുരവസ്ഥകളെ അഭിസംബോധന ചെയ്യാൻ പോലും ആരും മുന്നോട്ട് വരുന്നില്ല എന്നതും ഏറെ വേദനാജനകമാണ്...മറ്റൊരു കുറിപ്പില്‍ അദ്ദേഹം പറയുന്നു.