ആദിവാസികൾക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് റദ്ദാക്കിയിട്ടും നിയമനം തുടര്‍ന്ന് പി.എസ്.സി
ഗുരുതര ക്രമക്കേടുകൾ ബോധ്യപ്പെട്ടതോടെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്ത റാങ്ക് ലിസ്റ്റില്‍ നിന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 170 പേരെ നിയമിച്ചു
വയനാട്: സംസ്ഥാനത്ത് ആദിവാസികൾക്കായി നടത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സ്‌റ്റേ ചെയ്തിട്ടും നിയമനം തുടര്‍ന്ന് പി.എസ്.സി. ഗുരുതര ക്രമക്കേടുകൾ ബോധ്യപ്പെട്ടതോടെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്ത റാങ്ക് ലിസ്റ്റില്‍ നിന്ന് ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 170 പേരെ നിയമിച്ചു. ധൃതി പിടിച്ചും ഉത്തരവ് മറികടന്നും നിയമനം നടത്തുന്നത് അനർഹരെ സ്ഥിരപ്പെടുത്താൻ വേണ്ടിയെന്ന് ആക്ഷേപം.
ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്തികയിലേക്ക് നടത്തിയ സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയത് ഭൂരിപക്ഷവും അനര്‍ഹരാണെന്ന ആക്ഷേപത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ഈമാസം 23ന് റാങ്ക് ലിസ്റ്റ് സ്‌റ്റേ ചെയ്യാൻ പി.എസ്.സിക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇത് മുഖവിലക്കെടുക്കാതെയാണ് വയനാട്ടിലെ റാങ്ക് ലിസ്റ്റില്‍ നിന്ന് രണ്ടു ദിവസത്തിനിടെ പി.എസ്.സി 170 പേരെ നിയമിച്ചത്. പാലക്കാട്, കാസര്‍കോട് ജില്ലകളിൽ റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാതിരിക്കെയാണ് പി.എസ്.സിയുടെ ധൃതിപിടിച്ച നിയമനങ്ങൾ.
ഉദ്യോഗസ്ഥ, രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമായാണ് റാങ്ക് ലിസ്റ്റില്‍ കയറിക്കൂടിയ സ്വന്തക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നതെന്നും യഥാർഥ അർഹർ തഴയപ്പെടുന്നതിനെതിരെ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.