ആഴക്കടലിലെ ലഹരിവേട്ട; പാകിസ്താൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ലഹരി മരുന്നിന്‍റെ ഉറവിടമടക്കമുള്ള കാര്യങ്ങൾ വ്യക്തമാവാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്
കൊച്ചി: കേരള തീരത്തോട് ചേർന്ന് ആഴക്കടലിൽ നിന്ന് 2525 കിലോ മെത്താംഫെറ്റാമിൻ പിടികൂടിയ സംഭവത്തിൽ അറസ്റ്റ് ചെയ്ത പാകിസ്താൻ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലഹരി മരുന്നിന്‍റെ ഉറവിടമടക്കമുള്ള കാര്യങ്ങൾ വ്യക്തമാവാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി പാകിസ്താൻ സ്വദേശിയെ കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ സമർപ്പിക്കും.
രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയിൽ രാജ്യാന്തര ലഹരിമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനായി വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ സഹായം തേടും. 25000 കോടി രൂപയാണ് പിടികൂടിയ മെത്തിന്‍റെ വില. ഇറാൻ , പാകിസ്താൻ അതിർത്തിയിലെ മാക്രാൻ കോസ്റ്റിൽ നിന്നുമാണ് ലഹരി മരുന്നുമായി വന്ന ബോട്ട് പുറപ്പെട്ടത്. ലഹരി മരുന്ന് പിടിച്ചെടുത്ത ബോട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായാണ് എൻ.ബി.സി യുടെ നിഗമനം.
മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പാകിസ്താനിൽ നിന്നും കൊണ്ടുവന്ന ലഹരി മരുന്നാണെന്നാണ് പ്രാഥമിക വിലയിരുത്തൽ . ഈ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായി പിടിയിലായ പാകിസ്താന്‍ സ്വദേശിയെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ലഹരിക്കടത്തിന്‍റെ പിന്നിലുളളവരെ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുമെന്നാണ് എൻ.സി.ബിയുടെ പ്രതീക്ഷ. കസ്റ്റഡിയിൽ വാങ്ങിയശേഷം ഡൽഹിയിൽ എത്തിച്ചാവും വിശദമായി ചോദ്യംചെയ്യൽ.