ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ ബിനോയ് ക്രൂരനായ കൊലയാളി; മൃഗങ്ങളെ മുക്കിക്കൊല്ലുന്നത് പതിവെന്ന് പൊലീസ്

കുഞ്ഞിനെ സംരക്ഷിക്കാത്തതിന്‍റെ പേരിൽ അമ്മൂമ്മയ്ക്ക് എതിരെ കേസ് എടുക്കാൻ കഴിയുമോയെന്ന് പൊലീസ് പരിശോധിക്കുന്നു

Update: 2022-03-11 01:57 GMT
Advertising

ഒന്നര വയസുകാരിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ജോൺ ബിനോയിക്ക് മാത്രമാണ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെന്ന് പൊലീസ്. ബിനോയ് ക്രൂരനായ കൊലയാളിയാണെന്നും വളർത്തു മൃഗങ്ങളെയടക്കം മുക്കിക്കൊല്ലുന്നത് പതിവാണെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.

അതേസമയം കുഞ്ഞിനെ സംരക്ഷിക്കാത്തതിന്‍റെ പേരിൽ അമ്മൂമ്മ ഡിപ്സിക്ക് എതിരെ കേസ് എടുക്കാൻ കഴിയുമോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. ഇന്നലെ വൈകീട്ടോടെ മജിസ്‌ട്രേറ്റിന്റെ മുൻപിൽ ഹാജരാക്കിയ ബിനോയിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

എറണാകുളം കലൂരിലെ ഹോട്ടല്‍ മുറിയുടെ ബാത്ത് റൂമിലാണ് ബിനോയ് ഒന്നര വയസ്സുകാരി നോറയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയത്. കുട്ടിയുടെ അമ്മൂമ്മയുടെ കാമുകനാണ് ബിനോയി. കുഞ്ഞിന് സുഖമില്ലെന്ന് പറഞ്ഞാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  പരിശോധനയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ച് വരുത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണ കാരണമെന്ന് വ്യക്തമായി. താന്‍ റൂമിന് പുറത്ത് ഫോണില്‍ സംസാരിക്കുമ്പോഴായിരുന്നു സംഭവമെന്നും കുഞ്ഞിനെ സുഖമില്ലെന്നാണ് ബിനോയ് വന്നുപറഞ്ഞതെന്നും കുഞ്ഞിന്‍റെ അമ്മൂമ്മ മൊഴി നല്‍കി. അമ്മൂമ്മയ്ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

നോറ ബിനോയിയുടെയും തന്‍റെയും കുഞ്ഞാണെന്ന്  അമ്മൂമ്മ ഡിപ്സി ചില സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ബിനോയ് പൊലീസിനോട് പറഞ്ഞത്. അങ്കമാലി കോട്ടശ്ശേരി സ്വദേശി സജീവിന്‍റെയും ഡിക്സിയുടേയും മകളാണ് നോറ. ഡിക്സി വിദേശത്താണ് ജോലി ചെയ്യുന്നത്. നോറയുടെയും അഞ്ചു വയസ്സുകാരന്‍ സഹോദരന്റെയും സംരക്ഷണച്ചുമതല സജീഷിന്‍റെ മാതാവ് ഡിപ്സിക്കായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News