പക്ഷിപ്പനി; കോട്ടയം ജില്ലയില്‍ മൂന്നു ദിവസം കൊണ്ട് 31,371 താറാവുകളെ കൊന്ന് സംസ്കരിച്ചു
കുമരകം ഭാഗത്തേക്കും പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ട്. ഇവിടെയും താറാവുകളെ കൊല്ലുന്ന നടപടികൾ ആരംഭിച്ചു
കോട്ടയം ജില്ലയിൽ പക്ഷിപ്പനി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മൂന്നു ദിവസം കൊണ്ട് 31,371 താറാവുകളെ കൊന്ന് സംസ്കരിച്ചു. ഇതിനിടെ കുമരകം ഭാഗത്തേക്കും പക്ഷിപ്പനി വ്യാപിച്ചിട്ടുണ്ട്. ഇവിടെയും താറാവുകളെ കൊല്ലുന്ന നടപടികൾ ആരംഭിച്ചു.
വെച്ചൂർ അയ്മനം കല്ലറ മേഖലകളിലാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തിയത്. മൂന്ന് ദിവസം കൊണ്ട് താറാവുകളെ പൂർണമായും കൊന്ന് സംസ്കരിക്കാനായിരുന്നു തീരുമാനം. എന്നാൽ മറ്റ് സ്ഥലങ്ങളിലേക്കും പക്ഷിപ്പനി വ്യാപിച്ചു. അയ്മനത്തും കല്ലറയിലും പ്രതിരോധനപടികൾ വിജയം കണ്ടെങ്കിലും വെച്ചൂരിലും കുമരകത്തും ഇനിയും താറാവുകളെ നശിപ്പിക്കാനുണ്ട്. വെച്ചൂരിന്‍റെ നാല് അഞ്ച് വാർഡുകളിലാണ് കൂടുതലായി രോഗം പടർന്ന് പിടിച്ചത്. ഇന്നലെ 4754 താറാവുകളെ വെച്ചൂരിൽ കൊന്നു.
കുമരകത്ത് താറാവുകളെ കൊല്ലാൻ ദ്രുത കർമ്മ സേനയുടെ മൂന്ന് സംഘമുണ്ട്. ഇന്നലെ 4976 താറാവുകളെ കുമരകത്ത് കൊന്നു. കൂടുതൽ പ്രദേശത്തേക്ക് വ്യാപിക്കുന്നതിന് മുന്‍പ് രോഗവ്യാപനം തടയാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്. മുട്ട വില്‍പനയും മറ്റ് പ്രദേശങ്ങളിൽ നിന്ന് ഇറച്ചി കോഴികളെ കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. താറാവുകളെ നഷ്ടമായ കർഷകർക്ക് നഷ്ടപരിഹരം ലഭ്യമാക്കാനുള്ള നടപടികളും ആരംഭിച്ചു.