ബി.ജെ.പി സംസ്ഥാന സമിതി അംഗത്തെ ഗവർണറുടെ പി.എ ആയി നിയമിച്ചു: അതൃപ്തി അറിയിച്ച് സർക്കാർ
നിയമനം സർക്കാർ-ഗവർണർ ഒത്തു തീർപ്പിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു
Update: 2022-02-14 16:42 GMT
ബിജെപി സംസ്ഥാന സമിതി അംഗത്തെ ഗവർണറുടെ പി.എ ആയി നിയമിച്ചതിൽ അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ. ഹരി എസ്. കർത്തയെയാണ് ഗവർണറുടെ പിഎ ആയി നിയമിച്ച് ഉത്തരവിറക്കിയത്. ഇദ്ദേഹത്തെ ഗവർണറുടെ പി.എ ആയി നിയമിച്ചതിൽ സർക്കാർ പ്രതിഷേധം അറിയിച്ചു.
സജീവ രാഷ്ട്രീയത്തിലുള്ള ആളുകളെ ഇത്തരം ഒഴിവുകളിൽ നിയമിക്കുന്ന പതിവില്ലെന്നാണ് സർക്കാരിന്റെ വാദം. ഗവർണർ താത്പര്യം അറിയിച്ചതു കൊണ്ടാണ് ഹരി എസ് കർത്തയെ പിഎ ആയി നിയമിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. നിയമനത്തിലെ പതിവ് രീതികൾ തുടരുന്നതാവും ഉചിതമെന്ന് രാജ്ഭവനിലേക്കയച്ച കത്തിൽ സർക്കാർ പരാമർശിക്കുന്നു. ബിജെപി സംസ്ഥാന സമിതി അംഗത്തിന്റെ നിയമനതിനെതിരെ പ്രതിപക്ഷം രംഗത്തു വന്നിരുന്നു. നിയമനം സർക്കാർ-ഗവർണർ ഒത്തു തീർപ്പിന്റെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.