ബ്രഹ്‌മപുരം: നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

പെട്രോൾ ഒഴിച്ച് മാലിന്യകൂമ്പാരം കത്തിച്ച കമ്പനിയെ സർക്കാർ ന്യായീകരിക്കുകയാണെന്നും വേണ്ടപ്പെട്ടവരായതുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തതെന്നും വി.ഡി സതീശൻ ആരോപിച്ചു

Update: 2023-03-13 07:09 GMT
Brahmapuram, Opposition, boycotts assembly,
AddThis Website Tools
Advertising

തിരുവനന്തപുരം: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. പെട്രോൾ ഒഴിച്ച് മാലിന്യകൂമ്പാരം കത്തിച്ച കമ്പനിയെ സർക്കാർ ന്യായീകരിക്കുകയാണെന്നും വേണ്ടപ്പെട്ടവരായതുകൊണ്ടാണ് സർക്കാർ അന്വേഷണം നടത്താത്തതെന്നും 12 ദിവസമായിട്ട് പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് ശേഷം സഭയിൽ പ്രതിപക്ഷ ഭരണപക്ഷ ബഹളം ഉണ്ടാകുകയും പ്രതിപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയും സഭാനടപടികളോട് സഹകരിക്കാതെ മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.

Full View

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിൽ തീ പടരുകയാണെന്നും രാവിലെ 10:53ന് അയച്ച ചിത്രം തന്റെ കൈവശം ഉണ്ടെന്നും വി.ഡി. സതീശൻ. നഗരത്തിൽ മാത്രമല്ല മറ്റു ജില്ലകളിലേക്കും വിഷപ്പുക പടരുകയാണ്. ഇതിലൂടെ കാൻസർ അടക്കമുള്ള രോഗങ്ങൾക്ക് സാധ്യതയുണ്ടെന്നും കൊച്ചിയിൽ ആരോഗ്യ പ്രശ്നം ഇല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രി പറഞ്ഞതെന്നും ചോദിച്ച അദ്ദേഹം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം വരെയുണ്ടെന്നും പറഞ്ഞു.വിഷയത്തെ ലഘൂകരിക്കാൻ നടത്തിയ ശ്രമമാണ് വഷളാകാൻ കാരണം. വിഷവാതകം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് ഏതെങ്കിലും ഏജൻസികളെ വെച്ച് പരിശോധിച്ചോ എന്ന് ചോദിച്ച അദ്ദേഹം എല്ലാരും കൈ കഴുകി ഒഴിഞ്ഞ് മാറിയെന്നും കൂട്ടിച്ചേർത്തു.

സർക്കാർ ഗൗരവത്തോടെയാണ് വിഷയത്തെ കണ്ടതെന്നും യുദ്ധകാലടിസ്ഥാനത്തിലൂള്ള നടപടികൾ സർക്കാർ സ്വീകരിച്ചെന്നും എം.ബി രാജേഷ് പറഞ്ഞു. തീ പടരുന്നത് ആദ്യ ദിവസം തന്നെ നിയന്ത്രിച്ചെന്നും വായുവിൻറെ ഗുണനിലവാരം നിരീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ അദ്ദേഹം ശാസ്ത്രീയമായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു. ഡൽഹിയിൽ നിന്ന് എത്തിയ ചിലർക്ക് ശ്വാസം മുട്ടുന്നു എന്ന് പറയുന്നുന്നുണ്ട്, എന്നാൽ ഡൽഹിയെക്കാള്‍ എയർ ക്വാളിറ്റി എല്ലാ ദിവസവും കൊച്ചിയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

കരാർകമ്പനിയുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധമായ പ്രചരണമാണ് നടക്കുന്നതെന്നും പ്ലീനറി സമ്മേളനം നടന്ന റായിപൂരിൽ മാലിന്യ സംസ്കരണം നടത്തുന്നത് ഇതേ കമ്പനിയാണെന്നും പറഞ്ഞ മന്ത്രി ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

എന്നാൽ തീ അണച്ചെന്നും എയർ ക്വാളിറ്റി മെച്ചപ്പെട്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 851 പേർ ഇതുവരെ ചികിത്സ തേടിയെന്നും കിടത്തി ചികിത്സക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ തയാറാക്കിയെന്നും പറഞ്ഞ മന്ത്രി ഇന്ന് മുതൽ മൊബൈൽ ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുമെന്നും അറിയിച്ചു.

പ്ലാന്റിൽ തീപിടിച്ച് പന്ത്രണ്ടാം ദിവസമാണ് കാര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലേക്കെത്തുന്നത്. തീ അണഞ്ഞ ഭാഗങ്ങളിൽ വീണ്ടും പുക ഉയരാനുള്ള സാധ്യത ഉള്ളതിനാൽ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീരീക്ഷണം തുടരും. അതേസമയം ബ്രഹ്മപുരം വിഷയത്തിൽ പരിഹാരം ആവശ്യപ്പെട്ട് ജനകീയ സമരസമിതി ഇന്ന് പ്രതിഷേധിക്കും. വിവാദങ്ങൾക്കിടെ കൊച്ചി കോർപറേഷന്റെ കൗൺസിൽ യോഗം ഇന്ന് ചേരും. തീ പിടിത്തത്തിൽ അട്ടിമറി സാധ്യത ആരോപിച്ച് പ്രതിപക്ഷം മേയറുടെ രാജി ആവശ്യപ്പെടും.

ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ഇന്ന് മുതൽ പ്രവർത്തിക്കും. രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകളാണ് നിലവിൽ ഏർപ്പാടാക്കിയിട്ടുള്ളത്. നാളെ മുതൽ അഞ്ച് മൊബൈൽ യൂണിറ്റുകൾ സേവനം നടത്തും. ആരോഗ്യമുൻകരുതലിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് മുതൽ മൂന്ന് ദിവസം അവധി നൽകിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുന്നതിനുമായാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കിയത്. ആരോഗ്യ അവലോകന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്ന പ്രദേശങ്ങളിലാണ് മൊബൈല്‍ ക്ലിനിക്കിന്റെ സേവനങ്ങള്‍ ലഭ്യമാകുക. ക്ലിനിക്കില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരായിരിക്കും മൊബൈൽ മെഡിക്കൽ യൂണിറ്റിൽ ഉണ്ടാകുക. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങളും മൊബൈൽ മെഡിക്കൽ യൂണിറ്റ് വഴി നൽകും. 

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News