ജഡ്ജിമാരുടെ പേരിൽ കൈക്കൂലി; അഡ്വ.സൈബി ജോസിനെതിരെ അന്വേഷണം ആരംഭിച്ചു
ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദർശനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണം ആരംഭിച്ചു. ക്രൈം ബ്രാഞ്ച് എസ്.പി കെ.എസ് സുദർശനന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൈക്കൂലി നൽകിയെന്ന് പറയപ്പെടുന്നവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൈബി ജോസിന്‍റെ ചോദ്യം ചെയ്യലിലേക്ക് കടക്കുക. അതിനിടെ ആരോപണ വിധേയനായ സൈബി ജോസ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചേക്കും.
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിൽ അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂരിനെതിരെ ഇന്നലെയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് എടുത്തതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നൽകിയിരുന്നത്. എഡി.ജി.പി ദർവേഷ് സാഹിബിന്‍റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ്.പി കെ.എസ് സുദർശനന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
ആദ്യ ഘട്ടത്തിൽ കൈക്കൂലി നൽകി എന്ന് പറയപ്പെടുന്നവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. അതിനുശേഷമാകും സൈബി ജോസിന്‍റെ ചോദ്യം ചെയ്യിലേക്കു കടക്കുക. ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് ഉണ്ടാകും. നേരത്തെ ഹൈക്കോടതി രജിസ്ട്രാർ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ ഡിജിപിയുടെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ. സേതുരാമൻ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഗൗരവതരമായ വിഷയമായതിനാൽ വിശദമായ അന്വേഷണം വേണമെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നത്. കേസെടുത്ത സാഹചര്യത്തിൽ സൈബി ജോസ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും.