അപകടക്കെണിയായി കേബിൾ വയറുകൾ; ഇടപെടാതെ കൊച്ചി കോർപറേഷൻ
ലായം റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്
കൊച്ചി: വഴിയരികിൽ അപകടക്കെണിയായി കേബിൾ വയറുകൾ തൂങ്ങിയാടുമ്പോഴും കാര്യക്ഷമമായി ഇടപെടാതെ കൊച്ചി കോർപറേഷൻ. മാസങ്ങൾക്ക് മുമ്പ് യുവാവിന്റെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോൾ ഹൈക്കോടതി ശാസിച്ചപ്പോഴാണ് കോർപറേഷൻ ഉണർന്നത്. എന്നാൽ വീണ്ടും മെല്ലെപ്പോക്ക് നയം സ്വീകരിച്ചതോടെ കേബിൾ കുരുങ്ങിയുളള അപകടങ്ങളും ആവർത്തിക്കുകയാണ്.
മാസങ്ങൾക്ക് മുമ്പാണ് ബൈക്ക് യാത്രികനായിരുന്ന കാക്കനാട് സ്വദേശി അലൻ കേബിൾ കുടുങ്ങിയുണ്ടായ അപകടത്തിൽപ്പെട്ട് മരിച്ചത്. ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ വിഷയത്തിൽ ഇടപെട്ടു. രൂക്ഷ വിമർശനമാണ് അന്ന് ഉയർന്നത്. അപകടക്കെണികളായ കേബിളുകൾ അറുത്തുമാറ്റാനും കയറ്റിക്കെട്ടാനും വിവിധ വകുപ്പുകൾ ഉത്സാഹിച്ചു. എന്നാൽ മാസങ്ങൾ പിന്നിട്ടതോടെ എല്ലാം കെട്ടടങ്ങി. കേബിളുകളെല്ലാം ഇങ്ങനെ തൂങ്ങിയാടാൻ തുടങ്ങി. അപകടങ്ങളും ഒന്നിന് പിറകെ ഒന്നായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതേക്കുറിച്ച് ചോദിച്ചാൽ പല തടസ്സവാദങ്ങളാണ് പതിവ് പോലെ കോർപറേഷൻ അധികൃതർ നൽകുന്നത്.
ലായം റോഡിൽ ഇക്കഴിഞ്ഞ ദിവസമുണ്ടായ കേബിൾ അപകടത്തിൽ ദമ്പതികൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊതുസ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതിന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പൊലീസിന്റെയും മുൻകൂർ അനുമതി വാങ്ങണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരിട്ടുന്നു. ഈ ഉത്തരവ് എത്രമാത്രം പാലിക്കപ്പെട്ടിട്ടുണ്ട് എന്നകാര്യം വ്യക്തമാക്കണമെന്ന് കാണിച്ച് മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസ് അയച്ചിരിക്കുകയാണ്.