കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപക നിയമനം; ഹൈക്കോടതി വിധി ഭിന്നശേഷി സംവരണത്തെ ബാധിക്കും
ഭിന്നശേഷി സംവരണ ക്രമത്തിൽ പി.എസ്.സി അന്തിമ തീരുമാനിമെടുക്കാത്ത സാഹചര്യത്തിൽ വിധി നിർണായകമായിത്തീരും
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപക നിയമനം സംബന്ധിച്ച ഹൈക്കോടതി വിധി സർക്കാർ നിയമനങ്ങളിലെ ഭിന്നശേഷി സംവരണ ക്രമത്തെ സംസ്ഥാന തലത്തിൽ ബാധിക്കും. പിന്നാക്ക സംവരണ റൊട്ടേഷനിൽ ഉൾപ്പെടുത്താത്ത രീതിയിൽ ഭിന്നശേഷി സംവരണം നടപ്പാക്കണമെന്നതാണ് ഹൈക്കോടതി വിധി. ഭിന്നശേഷി സംവരണ ക്രമത്തിൽ പി.എസ്.സി അന്തിമ തീരുമാനിമെടുക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി വിധി നിർണായകമായിത്തീരും.
നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച രീതി നിലവിലെ റൊട്ടേഷനിൽ ഉൾപ്പെടുത്തുന്ന തരത്തിലാണ്. അത് പ്രകാരം 1, 26, 51, 76 എന്നീ റൊട്ടേഷനാണ് ഭിന്നശേഷിക്കാർക്കായി നൽകേണ്ടത്. ഇതിൽ 1 ഉം 51 ഉം ജനറൽ വിഭാഗവും 26 ഉം 76 ഉം മുസ്‌ലിം സംവരണമാണ്. അതായത് ഈ രീതിയിൽ സംവരണം നടപ്പായാൽ മുസ്‌ലിം വിഭാഗത്തിന് രണ്ട് ശതമാനം സംവരണം നഷ്ടപ്പെടും. ഈ സാഹചര്യത്തിലാണ് സംവരണ ക്രമത്തിൽ അന്തിമ തീരുമാനമെടുക്കാതെ പി.എസ്.സി നീട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അധ്യാപക നിയമനം സംബന്ധിച്ച് ഇന്നലെ പി.ബി സുരേഷ്‌കുമാറും സോഫി തോമസും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബഞ്ച് പുറപ്പെടുവിച്ച വിധി ഭിന്നശേഷി സംവരണം സംബന്ധിച്ച അവ്യക്തത നീക്കുന്നതാണ്.
മറ്റു പിന്നാക്ക വിഭാഗങ്ങളുടെ സംവരണത്തെ ബാധിക്കാത്ത രീതിയിൽ റൊട്ടേഷനിൽ ഉൾപ്പെടുത്താതെ വേണം ഭിന്നശേഷി സംവരണം നടപ്പാക്കാനെന്നാണ് ഇന്ദിര സാഹ്നി കേസടക്കം ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞത്. ഈ വിധി അടിസ്ഥാനമാക്കിയാൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിലൂടെ ഏതെങ്കിലും സംവരണ വിഭാഗത്തിന് അവസര നഷ്ടം ഒഴിവാക്കാം.
ഭിന്നശേഷി സംവരണം സംബന്ധിച്ച സർക്കാർ നിർദേശത്തിൽ പി.എസ്.സി തീരുമാനമെടുക്കാത്തതിന് കാരണം സംവരണ വിഭാഗങ്ങളുടെ അവസരം നഷ്ടമാകുന്നതുണ്ടാക്കുന്ന പ്രശ്‌നമാണ്. ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പുതിയ വിധി ഈ അവ്യക്ത നീക്കാൻ സഹായിക്കും.