പള്ളികളിൽ പ്രചാരണം; മുസ്‌ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു

സംഭവത്തിൽ മുസ്‌ലിം ലീഗ് പൊലിസിൽ പരാതി നൽകി

Update: 2021-12-02 09:56 GMT
Advertising

പള്ളികളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയുള്ള നോട്ടീസുമായി മുസ്‌ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചു. പാലക്കാട് ഈസ്റ്റ് ഒറ്റപ്പാലത്താണ് മുസ്‌ലിംലീഗിന്റെ കൊടിമരത്തിൽ റീത്ത് വെച്ചത്. 'വർഗീയ ലീഗിനെതിരെ പ്രതിഷേധം, പള്ളികളിൽ രാഷ്ട്രീയം പാടില്ല' തുടങ്ങിയ വാക്കുകളാണ് നോട്ടീസിലുള്ളത്. ഇന്ന് രാവിലെയാണ് കൊടിമരത്തിൽ റീത്തും നോട്ടീസും പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ മുസ്‌ലിം ലീഗ് പൊലിസിൽ പരാതി നൽകി. സി.പി.എമ്മാണ് കൊടിമരത്തിൽ റീത്ത് വെച്ചതെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ ആരോപിച്ചു.

വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ പള്ളികളിൽ ബോധവത്കരണം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ നടപടിയിൽ പ്രധാന സംഘടനയായ സമസ്ത പിൻവാങ്ങിയിരിക്കുകയാണ്. എന്നാൽ വഖ്ഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിക്കണമെന്ന നിലപാട് സമസ്ത കർശനമാക്കിയിട്ടുണ്ട്. വിഷയത്തിൽ പള്ളികളിൽ ബോധവൽക്കരണം നടത്താൻ മുസ്ലിം ഏകോപന സമിതി തീരുമാനമെടുത്തതിന് പിറ്റേന്നാണ് നിലപാട് തള്ളി സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ജിഫ്രി തങ്ങളുമായി നേരിട്ട് സംസാരിച്ചതും സമസ്ത തീരുമാനത്തിൽ നിർണായകമായി. കോഴിക്കോട് ടൗൺഹാളിൽ നടന്ന വഖ്ഫ് മുതവല്ലി സംഗമത്തിൽ ജിഫ്രി തങ്ങൾ അക്കാര്യം ഒന്നിലേറെ തവണ എടുത്തു പറയുകയും ചെയ്തു.

മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം മുസ്ലിം നേതൃ സമിതി കോഴിക്കോട്ട് യോഗം ചേർന്നത്. സമിതി വക്താവായി മാധ്യമങ്ങളോട് സംസാരിച്ചത് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാമാണ്. സർക്കാർ തീരുമാനത്തിനെതിരെ പള്ളികൾ വഴിയുള്ള ബോധവൽക്കരണം തികഞ്ഞ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും പള്ളികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എൻആർസി, സിഎഎ വിഷയങ്ങളിൽ ഇത്തരത്തിൽ ബോധവൽക്കരണം നടത്തിയിരുന്നതായും നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. വഖഫ് സ്വത്തുകൾ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതിനാൽ പള്ളികൾ വഴി തന്നെയാണ് ബോധവൽക്കരണം നടത്തേണ്ടത് എന്നാണ് സമസ്തയുടെ പ്രതിനിധിയായി യോഗത്തിൽ പങ്കെടുത്ത മുശാവറാംഗം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി പറഞ്ഞിരുന്നത്. യോഗത്തിൽ പങ്കെടുത്ത കെഎൻഎം, ജമാഅത്തെ ഇസ്ലാമി, കെഎൻഎം മർക്കസ്സുദ്ദഅ്വ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രതിനിധികൾക്കും സമാന നിലപാടാണ് ഉണ്ടായിരുന്നത്.

തീരുമാനത്തെ ലീഗിന്റെ രാഷ്ട്രീയ തീരുമാനമായി കാണാനാകില്ല എന്നാണ് എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞിരുന്നത്. ശരീഅത്ത്, മുത്തലാഖ്, സംവരണം തുടങ്ങിയ വിഷയങ്ങളിൽ ഇത്തരത്തിൽ ഉദ്ബോധനം നടന്നിട്ടുണ്ട് എന്ന് അദ്ദേഹം വ്യ്ക്തമാക്കിയിരുന്നു. സമദ് പൂക്കോട്ടൂർ ഉൾപ്പെടെയുള്ളവർ സംഘാടകരായ പരിപാടിയിലാണ് ജിഫ്രി തങ്ങൾ ലീഗിനെ തള്ളിയുള്ള നിലപാട് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം.

സാമുദായിക പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് ലീഗ് വിഷയത്തിൽ ഇടപെട്ടിരുന്നത്. എന്നാൽ പള്ളികളിലെ ഉദ്ബോധനത്തിനെതിരെ സിപിഎം രംഗത്തുവന്നത് വിഷയത്തെ പുതിയ മാനത്തിലെത്തിച്ചു. സർക്കാറിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാൻ വിശ്വാസികൾ മുമ്പോട്ടു വരുമെന്നും അത് സംഘർഷത്തിന് വഴിവെക്കുമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയും പുറത്തുവന്നു. അതിനിടെയാണ് സമസ്ത പ്രസിഡണ്ടിനെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു വിളിച്ചത്.

ഇതേക്കുറിച്ച് ജിഫ്രി തങ്ങൾ പറഞ്ഞതിങ്ങനെ; 'വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും. പുതിയ തീരുമാനത്തിൽ സമസ്തക്കുള്ള പ്രതിഷേധം മാന്യമായി അറിയിക്കും. ഇതിന് പരിഹാരമില്ലെങ്കിലാണ് മറ്റു പ്രതിഷേധ രീതികളിലേക്ക് കടക്കുക.'

പള്ളിയുടെ പവിത്രതയ്ക്ക് യോജിക്കാത്ത ഒന്നും വേണ്ടെന്നും തൽക്കാലം പള്ളിയിൽ പ്രതിഷേധം വേണ്ടെന്നുമാണ് തങ്ങൾ പറഞ്ഞത്. 'പള്ളികളിൽ കൂടിയാകരുത് ഈ പ്രതിഷേധം. അത് അപകടം ചെയ്യും. പള്ളി ആദരിക്കേണ്ട സ്ഥലമാണ്. പള്ളിയുടെ പവിത്രതയ്ക്ക യോജിക്കാത്ത ഒന്നും ഉണ്ടാകരുത്. പള്ളിയിൽ പ്രതിഷേധിക്കേണ്ട കാര്യങ്ങളുണ്ട്. ഇപ്പോൾ അതിൽ പള്ളിയിൽ ഉദ്‌ബോധനം വേണ്ട. കൂടിയിരുന്ന് സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സമസ്ത അനുകൂലമായ നിലപാട് പ്രതീക്ഷിക്കുന്നു.' - തങ്ങൾ പറഞ്ഞു. പള്ളികളിൽ അനിഷ്ടങ്ങൾ നടക്കുമെന്ന ഭീതി കൂടി സമസ്ത തീരുമാനത്തിന് പിന്നിലുണ്ട്. വഖഫ് വകുപ്പു മന്ത്രി അബ്ദുറഹ്‌മാന്റെ നിലപാടിനെതിരെയും ജിഫ്രി തങ്ങൾ രംഗത്തുവന്നു.

പ്രതിഷേധങ്ങളില്ലാതെ തീരുമാനം നടപ്പാക്കാമെന്ന സിപിഎം കണക്കുകൂട്ടൽ കൂടിയാണ് തെറ്റുന്നത്. വഖഫുമായി ബന്ധപ്പെട്ട് സുപ്രധാനമായ ഒരു നിയമം പാസാക്കുമ്പോൾ ബന്ധപ്പെട്ട സമുദായവുമായി ചർച്ച നടത്താൻ പോലും സർക്കാർ സന്നദ്ധമായിരുന്നില്ല. സമുദായത്തെയോ സമുദായ സംഘടനകളെയോ പരിഗണിക്കേണ്ടതില്ല എന്ന സർക്കാർ ധാർഷ്ട്യത്തിനേറ്റ പ്രഹരം കൂടിയാണ് സമസ്ത അടക്കമുള്ള മത സംഘടനകളുടെ നിലപാട്. സർക്കാർ പിന്നോട്ടു പോകുന്നില്ലെങ്കിൽ സമരപരിപാടികളുമായി മുമ്പോട്ടു പോകുമെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ സർക്കാർ നിലപാടാണ് ഇനി നിർണായകമാകുക. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട വിഷയം കൂടിയായതിനാൽ അതിനേറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News