വിപണി വിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയതിനെതിരെ കേരളം സുപ്രീംകോടതിയില്‍
ബള്‍ക്ക് പര്‍ച്ചേഴ്സ് ഇനത്തില്‍ പൊതുവിപണിയെക്കാൾ അധിക വില നൽകി കോര്‍പ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്
തിരുവനന്തപുരം: വിപണി വിലയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കാനുള്ള ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം ഇന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും. ബള്‍ക്ക് പര്‍ച്ചേഴ്സ് ഇനത്തില്‍ പൊതുവിപണിയെക്കാൾ അധിക വില നൽകി കോര്‍പ്പറേഷന് ഇന്ധനം വാങ്ങേണ്ട സ്ഥിതിയാണ്. ഡീസലിന് അധിക വില നൽകേണ്ടി വരുന്നതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.
പൊതുവിപണിയിൽ നിന്ന് 20 രൂപയിലധികം തുക ഒരു ലിറ്റർ ഡീസലിന് കെ.എസ്.ആര്‍.ടി.സി നൽകേണ്ടി വരും. ബൾക്ക് പർച്ചെയ്സർ വിഭാഗത്തിൽ ഉൾപ്പെടുത്തി എണ്ണക്കമ്പനികൾ കെ.എസ്.ആർ.ടി.സിക്ക് നൽകിയിരുന്ന ഇന്ധനത്തിന്‍റെ വില കുത്തനെ ഉയർത്തിയിരുന്നു. ഇതിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതാണ്. എണ്ണക്കമ്പനികള്‍ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും ഇന്നലെ ഇടക്കാല ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. പ്രതിദിനം മൂന്ന് ലക്ഷം ലിറ്റർ വരെ ഡീസൽ കെ.എസ്.ആര്‍.ടി.സിക്ക് വേണം. ദിവസവും 60 ലക്ഷത്തിലധികവും ഒരു മാസം 18 കോടി രൂപയുടെയും അധിക ബാധ്യതയാണ് വരാന്‍ പോകുന്നത്.
താൽക്കാലികമായി പുറത്തെ പമ്പുകളെ ആശ്രയിച്ച് ഇന്ധനം വാങ്ങാനാണ് തീരുമാനം. പ്രതിമാസം 150 കോടിയിൽ അധികം രൂപ വരുമാനം കോര്‍പ്പറേഷന് ഉണ്ടെങ്കിലും കടം തിരിച്ചടവിനും ഇന്ധന കമ്പനികൾക്കും നൽകാൻ മാത്രമെ തികയുന്നുള്ളൂ. പൂർണമായും സർക്കാർ സഹായമില്ലാതെ ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.