തൃക്കാക്കരയിൽ എത്താനാകില്ല; പി.സി ജോർജ് ഞായറാഴ്ച സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ്
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോർജ് പറഞ്ഞിരുന്നു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസിൽ ഞായാറാഴ്ച തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പി.സി ജോർജിന് പൊലീസ് നോട്ടീസ്. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാൻ രാവിലെ 11 ന് പൊലീസിനു മുമ്പാകെ ഹാജരാകണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജിയാണ് പി.സി ജോർജിന് നോട്ടീസ് അയച്ചത്. നാളെ തൃക്കാക്കരയിൽ മുഖ്യമന്ത്രിക്ക് മറുപടി പറയുമെന്ന് ജോർജ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ജോർജിന് പൊലീസ് നോട്ടീസ്.
കലാശക്കൊട്ട് നടക്കുന്ന ദിവസം തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്കെതിരെ പറയാനുള്ള കാര്യങ്ങൾ പറയുമെന്നും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ ജോർജ് പറഞ്ഞിരുന്നു. നാളെ പൊലീസിനു മുമ്പാകെ ഹാജരാകേണ്ടതിനാൽ പി.സിക്ക് തൃക്കാക്കരിയിൽ പോകാനാവില്ല. അത് തടയുകയെന്ന ഉദ്ദേശത്തോടെ നടക്കുന്ന രാഷ്ട്രീയ നാടകമാണ് ഇപ്പോൾ അരങ്ങേറുന്നതെന്നാണ് പി.സി ജോർജ് അനുകൂലികളുടെ വാദം. അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയാണ് പി.സി ജോർജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഒപ്പം, ശാസ്ത്രീയ പരിശോധനയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചിരുന്നു.