'മരണകാരണം ഭക്ഷ്യ വിഷബാധയല്ല'; അഞ്ജുശ്രീ പാർവ്വതിയുടെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്
പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അഞ്ജുശ്രീയുടെ വീട്ടിൽ പരിശോധന നടത്തി.
കാസര്‍കോട്: ബേനൂരിലെ അഞ്ജുശ്രീ പാർവ്വതി(19)യുടെ മരണം ഭക്ഷ്യ വിഷബാധ കാരണമല്ലെന്ന് ആരോഗ്യ വകുപ്പ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമന പ്രകാരം കരളിന്‍റെ പ്രവർത്തനം നിലച്ചതാണ് മരണത്തിന് കാരണമെന്നാണ് കരുതുന്നത്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പരിയാരം മെഡിക്കല്‍ കോളജ് അധികൃതർ നാളെ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. പ്രാഥമിക റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം അഞ്ജുശ്രീയുടെ വീട്ടിൽ പരിശോധന നടത്തി.
കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രാഥമിക ശുശ്രുഷ നൽകി അഞ്ജുശ്രീയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ അടുത്ത ദിവസവും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും അതേ ആശുപത്രിയിലെത്തി. ഭക്ഷ്യവിഷബാധയേറ്റ ലക്ഷണങ്ങള്‍ കണ്ടിട്ടും ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നില്ല. ഇതിനുശേഷമാണ് അഞ്ജുശ്രീയുടെ ചികിത്സ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. അവിടെ വച്ചാണ് വിദ്യാർഥിനി മരണപ്പെടുന്നത്.