സോളാർ പീഡന കേസ്: ഉമ്മൻചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീൻചിറ്റ്
ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സി.ബി.ഐയുടെ ക്ലീൻചിറ്റ്. ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലെന്ന് കാണിച്ച് സി.ബി.ഐ സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി. കേസിൽ എ.പി അബ്ദുല്ലക്കുട്ടിക്കും ക്ലീൻചിറ്റാണ്.
സോളാര്‍ പീഡന കേസില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ആറ് കേസിലും കുറ്റാരോപിതര്‍ക്ക് ക്ലീന്‍ചിറ്റ് ലഭിച്ചിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ചാണ്ടി ക്ലിഫ്ഹൌസില്‍ വെച്ച് പീഡിപ്പിച്ചു എന്നുപറയുന്ന ദിവസം അദ്ദേഹം ക്ലിഫ്ഹൌസില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പീഡന പരാതികള്‍ സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് കൈമാറിയത്. ആറ് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്ത് സി.ബി.ഐ അന്വേഷണം തുടങ്ങി. ക്ലിഫ് ഹൌസിലും എം.എല്‍.എ ഹോസ്റ്റലിലും ഉള്‍പ്പെടെ സി.ബി.ഐ പരിശോധന നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിക്കുമോ അതോ തുടരന്വേഷണത്തിന് ഉത്തരവിടുമോ എന്നാണ് ഇനി അറിയാനുള്ളത്. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാർ, കെ.സി വേണുഗോപാല്‍ എന്നിവര്‍ക്ക് സി.ബി.ഐ ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.