'കറുപ്പ് ധരിക്കാൻ പാടില്ലെന്ന് പൊലീസ് പറഞ്ഞു, അതുകൊണ്ട് ഞാൻ ധരിക്കുന്നു'; പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ
"എന്റെ വീടിരിക്കുന്ന സ്ഥലമല്ലേ. എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും"
തിരുവനന്തപുരം: നവകേരള യാത്ര കടന്നു പോകുന്ന വഴിയിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ. കറുപ്പ് വസ്ത്രം ധരിച്ചാണ് പ്രതിഷേധം. തന്റെ വീട്ടിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വ്യക്തിയെ പൊലീസ് തടഞ്ഞുവെന്നും ഇതിനെതിരെയാണ് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.
"എന്റെ വീട്ടിൽ വന്ന ഒരു വ്യക്തിയോട് കറുപ്പ് ധരിക്കാൻ പാടില്ലെന്ന് പൊലീസ് പറഞ്ഞു. അതിനെതിരെയാണ് ഈ പ്രതിഷേധം. ഞാനതിൽ പ്രതിഷേധിച്ചില്ലെങ്കിൽ പിന്നെങ്ങനെ ഇവിടെ ജനാധിപത്യമുണ്ടെന്ന് പറയും. ഇവിടെ ഇങ്ങനെ ഇരിക്കാൻ പാടില്ലെന്നൊക്കെ പറഞ്ഞാണ് ആളുകൾ വരുന്നത്. ഇങ്ങനെയുള്ള കേരളത്തിൽ ജീവിക്കാൻ പറ്റുമോ? എന്റെ വീടിരിക്കുന്ന സ്ഥലമല്ലേ. എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും". ചാണ്ടി ഉമ്മൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്നത് വരെ ഇരിപ്പ് തുടരുമെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ചാണ്ടി ഉമ്മന്റെ ഷോയ്ക്ക് ഒരു വിലയും കൊടുക്കുന്നില്ലെന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതികരണം. പ്രകോപനമുണ്ടായാലല്ലാതെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കില്ലെന്നാണ് ഇവർ പൊലീസിനെ അറിയിച്ചിരിക്കുന്നത്.