'പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒരുമിച്ചുപോകുന്നത്' പാല ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉൾക്കൊള്ളണമെന്നും ബിഷപ്പിന്റേത് വിപത്തുകൾക്കെതിരെയുള്ള മുന്നറിയിപ്പാണെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ പിന്തുണച്ച് ചങ്ങനാശ്ശേരി അതിരൂപത. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആശങ്ക ഉൾക്കൊള്ളണമെന്നും ബിഷപ്പിന്റേത് വിപത്തുകൾക്കെതിരെയുള്ള മുന്നറിയിപ്പാണെന്നും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിഷയത്തിൽ പ്രതികരിച്ചു. ദീപിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം
സാമൂഹിക തിന്മക്ക് നേരെ സഭയ്ക്ക് മൗനം പാലിക്കാനാവില്ല. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചുപോകുന്നവയാണ്. കൃസ്ത്യൻ ന്യൂനപക്ഷത്തിൻറെ ആശങ്ക പരിഹരിക്കാന്‍ അധികൃതർ തയ്യാറാകണം. ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തില്‍ ദീപികയിലെ ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം പാലാ ബിഷപ്പിന് പിന്തുണയുമായി ആയി സി.ബി.സി.ഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയും രംഗത്തെത്തിയിട്ടുണ്ട്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരെ കേരളസമൂഹം ഒറ്റപ്പെടുത്തുമെന്ന് അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.
ദീപികയിലെ ലേഖനത്തില്‍ നിന്ന്
കേരളത്തിൽ മയക്കുമരുന്ന് കടത്തുകാർ പിടിക്കപ്പെടുന്ന സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നുണ്ട്. മയക്കുമരുന്ന് ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും തീവ്രവാദ പ്രവർത്തകർ ഉപയോഗിക്കുന്നു. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണ്. ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെതന്നെ നിലനിൽപ്പിനും ക്ഷേമത്തിനും കുടുംബഭദ്രത സംരക്ഷിക്കപ്പെടണം. അതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ല. അതുകൊണ്ടാണു പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉപദേശരൂപേണ ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ തന്റെ വിശ്വാസിസമൂഹത്തെ ആഹ്വാനം ചെയ്തതും.
ലഹരിമാഫിയയോ കള്ളക്കടത്തോ ഭീകരപ്രവർത്തനമോ- ലൗ ജിഹാദോ നാർകോട്ടിക്ക് ജിഹാദോ എന്തുമാകട്ടെ, ഇവയ്ക്ക് അടിമകളാകുന്നതും സമ്മർദംകൊണ്ടും വഞ്ചിക്കപ്പെട്ട് അടിമകളാക്കപ്പെടുന്നതും സമുദായത്തിന് അപകടകരമാണ്. സുസ്ഥിതിയും ശരിയായ പുരോഗതിയും ആഗ്രഹിക്കുന്ന ഒരു സമുദായത്തിനോ രാജ്യത്തിനോ ഇതൊന്നും അംഗീകരിക്കാനോ നീതീകരിക്കാനോ സാധിക്കുകയില്ല. ബലപ്രയോഗങ്ങളെക്കാൾ പ്രണയക്കെണികളിൽപെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. ഇത്തരം കെണികൾ ഒരുക്കുന്നതിനുവേണ്ടി മയക്കുമരുന്നുകളും ലഹരിവസ്തുക്കളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതു പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും കെണിയിൽ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു.