'എന്തിനും ഒരതിര് വേണം'; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി
ഭൂപതിവ് ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്തിനും ഒരതിര് വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഭൂപതിവ് നിയമഭേദഗതി ബിൽ ഉന്നയിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന വിമർശനം. ഗവർണറുടെ വസതിയിലേക്ക് കർഷകർ മാർച്ച് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാത്തതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്.
കേന്ദ്ര ഏജൻസികൾക്കെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നെങ്കിലും ഒന്നും ചെയ്യാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിക്കെതിരെ കുപ്രചാരണങ്ങൾ നടത്തി. എന്നാൽ സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയി. ലൈഫിനെതിരെ വ്യാജ പരാതിയുമായി പലരും രംഗത്തുവന്നു. പദ്ധതിക്ക് തുരങ്കംവെക്കാനാണ് അവർ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എൽ.ഡി.എഫ് തുടർഭരണമാണ് നാല് ലക്ഷത്തിൽപരം വീടുകൾ യാഥാർഥ്യമാകാൻ കാരണം. ക്ഷേമ പെൻഷൻ 600 രൂപ നൽകിയവർ രണ്ടു വർഷം കുടിശ്ശിക വരുത്തി. എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ കുടിശ്ശിക തീർത്തു. ഇപ്പോൾ 1600 രൂപയാണ് പെൻഷൻ. യു.ഡി.എഫ് ആയിരുന്നെങ്കിൽ പെൻഷൻ കുടിശ്ശിക അനന്തമായി നീളുമായിരുന്നു. ദേശീയപാത, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-കൊച്ചി ലൈൻ എന്നിവ യാഥാർഥ്യമായത് എൽ.ഡി.എഫ് സർക്കാരിന്റെ നിശ്ചയദാർഢ്യം കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.