വെള്ളാപ്പള്ളിക്ക് സ്വീകരണമൊരുക്കാൻ മുഖ്യമന്ത്രിയും നാല് മന്ത്രിമാരും; പിന്മാറണമെന്ന ആവശ്യം ശക്തം

മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പിൽ ശക്തമായ സന്ദേശം നൽകണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ

Update: 2025-04-06 04:59 GMT
Advertising

ആലപ്പുഴ: ഏപ്രിൽ 11ന് എസ്എൻഡിപി ജനറൽ സെ​ക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകുന്ന സ്വീകരണ പരിപാടിയിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പിന്മാറണമെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം മലപ്പുറത്തിനെതിരെ കടുത്ത വിദ്വേഷ പ്രസ്താവനയാണ് വെള്ളാപ്പള്ളി നടേശൻ നടത്തിയിട്ടുള്ളത്. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് നൽകുന്ന സ്വീകരണത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറണമെന്ന ആവശ്യം വിവിധ സംഘടനകൾ ഉന്നയിക്കുന്നത്.

ഏപ്രിൽ 11ന് ​എസ്എൻഡിപി യോഗം ചേർത്തല യൂനിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘മഹാസംഗമവും മൂന്ന് പതിറ്റാണ്ട് ജനറൽ സെക്രട്ടറി പദം പൂർത്തിയാക്കുന്ന സമാനതകളില്ലാത്ത സാരഥി ബഹു. വെള്ളാപ്പള്ളി നടേശന് ഉജ്ജ്വലസ്വീകരണവും’ എന്ന പേരിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടിയുടെ ഉദ്ഘാടനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ്, പി.എൻ വാസവൻ, സജി ചെറിയാൻ തുടങ്ങിയവരും പരിപാടിയിൽ പ​ങ്കെടുക്കുന്നുണ്ട്.

ഏപ്രിൽ 11ന് നടത്താൻ തീരുമാനിച്ചിട്ടുള്ള വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തിൽനിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്മാറി പൊതുസമൂഹത്തിന് മുമ്പിൽ ശക്തമായ സന്ദേശം നൽകണമെന്ന് ശ്രീനാരായണീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

മലപ്പുറത്തെ മുൻനിർത്തി ഒരു സമുദായത്തിന് നേരെ വംശീയ വിദ്വേഷം തുപ്പിയ, മുസ്ലിം സമുദായത്തിന് നേരെ നിരന്തരം ആക്ഷേപം ഉന്നയിക്കുന്ന ഒരാളെ സ്വീകരിക്കാൻ ഭരണകൂടത്തിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കാതിരിക്കാനുള്ള മിനിമം മര്യാദയെങ്കിലും കാണിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് വ്യക്തമാക്കി.

മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി യോഗം നിലമ്പൂർ യൂനിയൻ കൺവെൻഷനിലാണ് വിവാദ പ്രസംഗം.

‘നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ ഒരു അഭിപ്രായം പറഞ്ഞുപോലും ജീവിക്കാൻ സാധിക്കുന്നില്ല. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ എന്തുപറ്റി, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇത്ര നാളായിട്ട് പോലും സ്വാതന്ത്ര്യത്തിന്‍റെ ഗുണഫലങ്ങളുടെ അംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ? നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട്, ബാക്കിയെന്തിലാണ് പ്രാതിനിധ്യം?. ഒരു കോളജുണ്ടോ? ഹയര്‍സെക്കന്‍ഡറി സ്കൂളുണ്ടോ...എന്താണ് നമുക്ക് മലപ്പുറത്തുള്ളത്? എല്ലാവര്‍ക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ടവരാണ്. വോട്ടുകുത്തി യന്ത്രങ്ങൾ. വോട്ടും മേടിച്ച് പോയാൽ ആലുവ മണപ്പുറത്ത് വച്ച കണ്ട പരിചയം പോലും കാണിക്കാറില്ല'' -വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News