'കെ റെയിലിനോട് കേന്ദ്രത്തിന് അനുഭാവപൂര്‍ണമായ നിലപാട്': പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി

Update: 2022-03-24 11:15 GMT
Advertising

കെ റെയില്‍ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആരോഗ്യകരമായ ചര്‍ച്ച നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടു. എന്താണ് ചെയ്യാൻ കഴിയുകയെന്ന് ആലോചിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കേന്ദ്രാനുമതി വേഗത്തിൽ ലഭ്യമാകാൻ കൂടിക്കാഴ്ച സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. അനുഭാവപൂര്‍വമായ സമീപനമാണ് പ്രധാനമന്ത്രിയില്‍ നിന്നുണ്ടായത്. അക്കാര്യത്തില്‍ പ്രധാനമന്ത്രിയെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ കെ റെയില്‍ പദ്ധതിയെ എതിർക്കുന്ന ചിലരുണ്ടല്ലോ. അവരും യാത്ര വേഗത്തിൽ വേണമെന്ന് അഭിപ്രായം ഉള്ളവർ തന്നൊണ്. വേഗതയും സുരക്ഷയും അതിപ്രധാനമാണ്. കേരളത്തിൽ ഗതാഗതത്തിന് അധികസമയം വേണ്ടിവരുന്നു. പരിസ്ഥിതി സൗഹൃദ യാത്രാ സംവിധാനം വേണം. പദ്ധതികൾ യഥാസമയം നടപ്പാക്കിയില്ലെങ്കിൽ ചെലവ് വർധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗതാഗതം സുഗമമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മുഖ്യന്ത്രി വിശദീകരിച്ചു. തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ലൈന്‍ ഏറ്റവും സുരക്ഷിതമായ യാത്രാസംവിധാനമാണ്. യാത്രാസമയം നാലു മണിക്കൂറായി കുറയ്ക്കും. കേരളത്തെ കാര്‍ബണ്‍ മുക്ത സംവിധാനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. അതിനുതകുന്നത് റോഡ് വഴിയുള്ള ഗതാഗത സംവിധാനമല്ല. സില്‍വര്‍ലൈന്‍ വരുന്നതോടെ റോഡുകളിലെ വാഹനങ്ങള്‍ കുറയും. 63,941 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ചെലവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള സർവെ ആണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. സാമൂഹിക ആഘാത പഠനത്തിനു ശേഷം ഭൂമി നഷ്ടപ്പെടുന്നവരെ കണ്ടെത്തി നഷ്ടപരിഹാരം നല്‍കും. അതിന് ശേഷമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കൂ. മികച്ച നഷ്ടപരിഹാരവും പുനരധിവാസവും സർക്കാർ ഉറപ്പാക്കും. കേരളത്തിന്‍റെ വികസനത്തിന് ഏറെ സഹായകരമായ പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അവ്യക്തതയും ആശയക്കുഴപ്പവും ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. എല്ലാം ജനങ്ങൾ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ല എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഗെയില്‍, ദേശീയപാത പദ്ധതികളെ എതിര്‍ത്തവരെ ജനങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസന പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം മറയില്ലാതെ രംഗത്തിറങ്ങുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആസൂത്രിതമായ വ്യാജ പ്രചാരണം നടത്തുന്നു. ഏതാനും മാധ്യമങ്ങളും വ്യാജ പ്രചാരണം നടത്തുന്നു. എല്ലാ കാലത്തും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ജനങ്ങൾ എപ്പോഴും സത്യം തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റായ വാർത്തകൾ നൽകുന്നതിൽ നിന്ന് മാധ്യമങ്ങൾ പിൻമാറണം. സ്വാർഥ ചിന്താഗതി കാരണം നാടിന്‍റെ പുരോഗതിക്ക് തടയിടരുത്. വികസനം നടപ്പിലാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചില പ്രശ്നങ്ങളുണ്ടാകും. അവര്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും കൃത്യമായ പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News