കേരളത്തിൽ ക്രിസ്ത്യൻ സ്നേഹവുമായി ചുറ്റിത്തിരിയുന്ന സംഘ്പരിവാർ മറ്റിടങ്ങളില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു: മുഖ്യമന്ത്രി

'യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്‍ലാമിയും ഒന്നായി സർക്കാരിനെതിരെ തിരിയുകയാണ്'

Update: 2021-12-31 08:07 GMT
Advertising

കേരളത്തിൽ ക്രിസ്ത്യൻ സ്നേഹവുമായി സംഘ്പരിവാർ ചുറ്റിത്തിരിയുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇവർ ക്രിസ്ത്യാനികളെ ആക്രമിക്കുകയാണ്. മതപരിവർത്തനം നടത്തുന്നു എന്ന് പറഞ്ഞാണ് ആക്രമണങ്ങള്‍. എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ചു ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ക്രിസ്ത്യൻ ജനസംഖ്യയിൽ വർധനവില്ല. ക്രിസ്‌മസ് രാത്രിയിലും സംഘ്പരിവാറിന്‍റെ ആക്രമണങ്ങൾ ഉണ്ടായി. സാന്താക്ലോസിനെ ആക്രമിക്കുന്ന സംഭവം ആഗ്രയിലുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

യു.ഡി.എഫും ബി.ജെ.പിയും ജമാഅത്തെ ഇസ്‍ലാമിയും ഒന്നായി സർക്കാരിനെതിരെ തിരിയുകയാണ്. ഇടതു സർക്കാരിന്‍റെ വികസനങ്ങളെ തകർക്കാൻ ശ്രമിക്കുന്നു. കെ റെയിൽ സംസ്ഥാനത്തെ പ്രധാന പദ്ധതിയാണ്. ഇതു വേണ്ടാ എന്നാണ് പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ കേരളത്തിന്റെ വികസന പദ്ധതികൾ തകർക്കാനാവില്ല. മുസ്‍ലിം ലീഗ് വർഗീയമായി കാര്യങ്ങൾ കൊണ്ടുപോകുന്നു. ജമാഅത്തെ ഇസ്‍ലാമി ഇസ്‍ലാമിക രാഷ്ട്രവാദികളാണ്. അത് മറച്ചുവെച്ച് പാരിസ്ഥിതിക വിഷയങ്ങൾ പറയുന്നു. യോജിച്ച പ്രവർത്തനത്തിന് പ്രതിപക്ഷം തയ്യാറാകുന്നില്ല. വികസനം ഇപ്പോൾ വേണ്ട എന്നാണ് അവരുടെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വികസനം നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പുനരധിവാസം ഉറപ്പാക്കും. വികസനത്തിനൊപ്പം ജനം നിൽക്കും. എന്‍എച്ച് വികസനം, ഗെയിൽ, കൂടംകുളം വൈദ്യുതി തുടങ്ങിയവ ഉദാഹരണമാണ്. ചെറിയ എതിർപ്പുകളെ പർവതീകരിക്കാൻ ആണ് ചില മാധ്യമങ്ങളുടെ ശ്രമം. ബി.ജെ.പി വർഗീയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ലവ് ജിഹാദ് വിഷയം ഇതിന് ഉദാഹരണമാണ്. ഹലാല്‍ ഭക്ഷണത്തിന്‍റെ പേരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കേന്ദ്ര സർക്കാർ രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ തകർക്കുകയാണ്. ഫെഡറൽ സംവിധാനം തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം. കശ്മീരിന്‍റെ സ്വയംഭരണം, ലക്ഷദ്വീപിലെ ഇടപെടൽ എല്ലാം ഇതിന് ഉദാഹരണം. പൗരത്വ നിയമഭേദഗതി മതത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്നു. വിവാഹ മോചനത്തിന്റെ പേരിൽ മുസ്‍ലിംകള്‍ മാത്രം ക്രിമിനൽ കുറ്റത്തിന് ഇരകളാക്കുന്നു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബി.ജെ.പിയുടെ ബി ടീമായി മാറാനാണ് കോൺഗ്രസ് ശ്രമം. ഇടതുപക്ഷത്തിന് വ്യക്തമായ ബദൽ നയങ്ങളുണ്ട്. കോൺഗ്രസിന് ബി.ജെ.പിയുടെ അതേ സാമ്പത്തികനയമാണ്. വർഗീയ പ്രീണന നയമാണ് കോൺഗ്രസിന്റേത്. ബി.ജെ.പിക്ക് ബദലാവാൻ കോൺഗ്രസിനാവില്ല. കോൺഗ്രസിനെ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News