"തന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്താണെന്ന് പ്രതിപക്ഷം പറയട്ടേ": മുഖ്യമന്ത്രി
ഭാര്യ കൂടെ വന്നതിൽ അസ്വാഭാവികതയില്ല, അത് സാധാരണ കുടുംബ ബന്ധത്തിൽ നടക്കുന്നത്.
പ്രോട്ടോക്കോള്‍ ലംഘനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്‍റെ പ്രോട്ടോക്കോൾ ലംഘനം എന്താണെന്ന് പ്രതിപക്ഷം പറയട്ടേയെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഏപ്രിൽ നാലിന് താൻ കോവിഡ് ബാധിതനായിട്ടില്ല. ഭാര്യ കൂടെ വന്നതിൽ അസ്വാഭാവികതയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് പരിശോധയ്ക്ക് വിധേയനായത് തനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടല്ല. മകള്‍ക്ക് രോഗബാധയുണ്ടായതുകൊണ്ടാണ്. പോസിറ്റീവായതിനു ശേഷവും യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും തനിക്കുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തനിക്കും കൊച്ചുമകനും രോഗബാധയുണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞപ്പോള്‍ ഭാര്യയ്ക്ക് രോഗബാധയുണ്ടായിരുന്നില്ല. തന്‍റെ കൂടെ ഭാര്യയും വന്നിട്ടുണ്ടെന്നത് ശരിയാണ്. അത് സാധാരണ കുടുംബ ബന്ധത്തിൽ നടക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.