'കൈയും കെട്ടി നോക്കിനിൽക്കില്ല, കോൺഗ്രസിന് അടിയന്തരാവസ്ഥയുടെ ഹാങ് ഓവർ'; ജോജു ജോർജ് വിഷയത്തിൽ മുഖ്യമന്ത്രി

'പൗരന്റെ മൗലികാവകാശം ഇല്ലാതാക്കാൻ കരിനിയമ വാഴ്ച അടിച്ചേൽപ്പിച്ച് നാടിനെ ഇരുട്ടിലേക്ക് തള്ളിയതിന്റെ ഹാങ് ഓവറിൽ നിന്ന് ഒരുകൂട്ടർ ഇപ്പോഴും മോചനം നേടിയിട്ടില്ല.'

Update: 2021-11-10 10:39 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം: നടൻ ജോജു ജോർജിന്റെ ഷൂട്ടിങ് സെറ്റുകളിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം നോക്കി നിൽക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുകേഷ് എംഎൽഎ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

'ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേൽ കടന്നുകയറുന്നത് ഭരണഘടനയ്ക്ക് മേലുള്ള ആക്രമണമാണ്. ചലച്ചിത്ര പ്രവർത്തകരെ തൊഴിൽസ്ഥലത്തു ചെന്ന് ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടും. എന്തു കഴിക്കണമെന്ന് ആജ്ഞാപിക്കുന്നതും എന്തു ധരിക്കണമെന്ന് തിട്ടൂരമിറക്കുന്നതും ഫാസിസ്റ്റു മുറയാണ്. അങ്ങനെ ചെയ്യുന്ന സംഘങ്ങൾ രാജ്യത്തുണ്ട്. അവരെ അപരിഷ്‌കൃതരായ സമൂഹദ്രോഹികൾ എന്നാണ് വിളിക്കുന്നത്.' - മുഖ്യമന്ത്രി പറഞ്ഞു.

'വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിൽ മാത്രമുണ്ടായതാണ് ഇപ്പോഴുണ്ടായ പ്രശ്‌നം എന്നു കരുതാനാകില്ല. ഉള്ളിലുള്ള അസഹിഷ്ണുതയും ഫാസിസ്റ്റ് മനോഭാവവുമാണ് പുറത്തേക്ക് വരുന്നത്. തങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചാൽ ആരെയും ജീവിക്കാൻ അനുവദിക്കില്ല, തൊഴിൽ ചെയ്യാൻ സമ്മതിക്കില്ല എന്ന് തീരുമാനിച്ച് അക്രമം നടത്തുന്നത് ജനാധിപത്യത്തിൽ വിലപ്പോവുന്ന രീതിയല്ല. സംഘടിതമായ ആൾക്കൂട്ടങ്ങൾ കലയുടെ അവതരണത്തെയും നിർഭയമായി തൊഴിൽ ചെയ്തു ജീവിക്കുന്നതിനെയും തടയുന്നതിലേക്ക് തിരിയുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാൻ സർക്കാറിന് കഴിയില്ല.' - മുഖ്യമന്ത്രി വ്യക്തമാക്കി.

'പ്രത്യേക നടന്റെ പേരു പറഞ്ഞ് അദ്ദേഹത്തിന്റെ അഭിനയ ചിത്രീകരണം അനുവദിക്കില്ല എന്ന ആക്രോശം പോലും ചില കേന്ദ്രങ്ങളിൽ നിന്ന് അടുത്തിടെ ഉണ്ടായിക്കാണുന്നു. ആസൂത്രിതമായ തീരുമാനം ഇതിന് പിന്നിലുണ്ട്. ജനാധിപത്യത്തിന്റെ കുപ്പായമണിഞ്ഞാണ് ചിലർ ഈ അക്രമങ്ങൾക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഇത് ആശ്ചര്യകരമാണ്. പൗരന്റെ മൗലികാവകാശം ഇല്ലാതാക്കാൻ കരിനിയമ വാഴ്ച അടിച്ചേൽപ്പിച്ച് നാടിനെ ഇരുട്ടിലേക്ക് തള്ളിയതിന്റെ ഹാങ് ഓവറിൽ നിന്ന് ഒരു കൂട്ടർ ഇപ്പോഴും മോചനം നേടിയിട്ടില്ല. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം ഏതെങ്കിലും വ്യക്തിയുടെയോ സംഘടനയുടെയോ ദയാദാക്ഷിണ്യത്തിന് കീഴിലല്ല. ഇത്തരം സന്ദർഭങ്ങൾ നിയമപ്രകാരമുള്ള എല്ലാ നടപടികളുമുണ്ടാകും. അത്തരക്കാരെ കർക്കശമായി നേരിടും.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News