'സതീശനല്ല വിജയന്‍ വ്യത്യാസമുണ്ട്, എന്റെ മുന്നിൽ വന്ന ദല്ലാളിനെ ഇറക്കിവിട്ടയാളാണ് ഞാന്‍'- മുഖ്യന്ത്രി
ലഭ്യമല്ലാത്ത റിപ്പോർട്ടിന്റെ പേരിൽ അന്വേഷണത്തിനു പ്രയാസമാണ്. റിപ്പോർട്ടിൽ നിയമ പരിശോധന നടത്താമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി
തിരുവനന്തപുരം: സോളാർ കേസ് രാഷ്ട്രീയ താത്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവടക്കമുള്ളവർ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ് സതീശനും മുഖ്യമന്ത്രി പിണറായിയും തമ്മിൽ ചില വ്യത്യാസങ്ങളുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഉപ്പ് തിന്നവർ ഉണ്ടെങ്കിൽ വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് ആദ്യഘട്ടം മുതൽ സ്വീകരിച്ചതെന്നും കൂട്ടിച്ചേർത്തു. സോളാർ ഗൂഢാലോചയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ആരും ആരെയും വേട്ടയായിട്ടില്ല. ആരാണ് വേട്ടയാടിയത് നിങ്ങൾ തന്നെ ആലോചിക്കുക. ജനങ്ങളെ തെറ്റിദ്ധരിക്കാൻ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുകയാണ്. അത് ജനത്തിനും അറിയാം. സിബിഐ റിപ്പോർട്ടിന്റെ ഭാഗമായുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഉന്നയിക്കാം. നിയമപരമായ പരിശോധന നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മല്ലേലിൽ ശ്രീധരൻ നായർ പരാതി നൽകിയത് ഞങ്ങളെ സഹായിക്കാനല്ല. മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് നിരന്തരം ആരോപണം ഉന്നയിച്ചത് ചീഫ് വിപ്പ് പദവി വഹിച്ച ആളായിരുന്നു. അരുതാത്ത രീതിയിൽ കണ്ടു എന്ന് പറഞ്ഞത് മാധ്യമങ്ങളിൽ ഇപ്പോഴുമുണ്ട്. കോൺഗ്രസിന്റെ ഭരണഘടന പഠിപ്പിക്കാൻ അല്ല രാത്രി വിളിച്ചത് എന്ന് പറഞ്ഞത് തങ്ങളല്ല, സമരത്തിൻറെ ഭാഗമായി അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ അപലപിച്ചിട്ടുമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചർച്ചകൾക്കൊടുവിൽ പ്രതിപക്ഷത്തിന്റെ പ്രമേയം സഭ തള്ളി.