രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ആരും ന്യായീകരിച്ചില്ല, എന്നിട്ടും കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമം നടന്നു: മുഖ്യമന്ത്രി
'അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു'
തിരുവനന്തപുരം: നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു. അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യേത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം പറഞ്ഞില്ല. എന്തിനാണെന്ന് പറയാതെ സമരം നടത്തിയപ്പോഴാണ് ചോദ്യോത്തരവേള നിർത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രശ്നം എന്തെന്ന് സഭയിൽ പറയാൻ പ്രതിപക്ഷം തയ്യാറായില്ല. ഈ അവസ്ഥ ഇതുവരെ സഭയിൽ ഉണ്ടായിട്ടില്ല. നിയമസഭക്കും നാടിനും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത്. സഭയിൽ പറയാതെ പുറത്ത് പറയുന്നതാണോ ശരിയായ രീതി? പ്രതിപക്ഷം ഒളിച്ചോടുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് ആരും ന്യായീകരിച്ചില്ല'
രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിനു നേരെയുണ്ടായ അക്രമം എല്ലാവരും ഗൗരവമായാണ് കണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതിനെ ന്യായീകരിക്കാൻ ആരും ശ്രമിച്ചില്ല. സർക്കാർ കർശന നിലപാട് സ്വീകരിച്ചു. അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിച്ചു. അക്രമം തെറ്റായ സംഭവമാണ്. എല്‍.ഡി.എഫും സി.പി.എമ്മും നിലപാട് സ്വീകരിച്ചു. ഇത്രയും നടപടി സ്വീകരിച്ചത് മനസിലാക്കേണ്ടേ. കലാപ അന്തരീക്ഷം ഉണ്ടാക്കാൻ ശ്രമമുണ്ടായത്. കൃത്യമായ നിലപാട് വന്ന ശേഷവും വലിയ അക്രമം നടന്നു.
'രാഹുലിനെ ഇ.ഡി ചോദ്യംചെയ്തതില്‍ എല്‍.ഡി.എഫിന് പങ്കുണ്ടോ?'
ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ രാഹുലിന്‍റെ ഓഫീസ് ആക്രമിച്ചു എന്നൊക്കെയാണ് പറയുന്നത്. കേന്ദ്ര ഏജൻസി രാഹുൽ ഗാന്ധിയെ ചോദ്യംചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യംചെയ്ത സംഭവത്തിൽ എല്‍.ഡി.എഫിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ബി.ജെ.പിയുടെ പാർലമെന്റ് അംഗം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്തത്. രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്തതിനെയാണ് സി.പി.എം ചോദ്യംചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.