വിവരങ്ങള്‍ ചോരുന്നു; മേലാല്‍ ആവര്‍ത്തിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്
'എല്ലാം ചോരുന്നു, എനിക്കൊന്നും പറയാന്‍ സാധിക്കുന്നില്ല. മേലാല്‍ ആവര്‍ത്തിക്കരുത്' കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി
സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ അവലോകന യോഗം ചേരും. വരും ദിവസങ്ങളിലും പ്രതിദിന കണക്ക് നാൽപതിനായിരത്തിന് മുകളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. അതേ സമയം കോവിഡ് അവലോകന യോഗത്തിലെ വിവരങ്ങള്‍ ചോരുന്നതില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി രേഖപ്പെടുത്തി. 'എല്ലാം ചോരുന്നു, എനിക്കൊന്നും പറയാന്‍ സാധിക്കുന്നില്ല. മേലാല്‍ ആവര്‍ത്തിക്കരുത്' എന്നായിരുന്നു യോഗത്തില്‍ പിണറായിയുടെ താക്കീത്.
ചര്‍ച്ചകളില്‍ തീരുമാനമാകുന്നതിന് മുമ്പ് ചാനലുകളില്‍ വിവരങ്ങൾ വരുന്നതിലാണ് മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയത്. അവലോകനയോഗത്തിന്‍റെ മിനുറ്റ്സ് മീഡിയവണിന് ലഭിച്ചു. ആഗസ്റ്റ് ഏഴിന് ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അതൃപ്തി രേഖപ്പെടുത്തിയത്. അന്ന് ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയ മിനുട്സാണ് പുറത്തുവന്നത്. യോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ തീരുമാനമാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ തീരുമാനമായി ചാനലുകളില്‍ വരുന്നത് ശ്രദ്ധയില്‍പെട്ടെന്നും ഇത് ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമാണ് മിനുട്സിലെ പൊതുനിര്‍ദേശത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.