മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൽ വിജിലൻസ് റിപ്പോർട്ട് ഒരാഴ്ചക്കകം
ജില്ലാടിസ്ഥാനത്തിൽ നടക്കുന്ന പരിശോധനയുടെ വിവരങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ റിപ്പോർട്ട്.
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടു വിജിലൻസ് നടത്തി വരുന്ന പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കും. ജില്ലാടിസ്ഥാനത്തിൽ നടക്കുന്ന പരിശോധനയുടെ വിവരങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ റിപ്പോർട്ട്.
തട്ടിപ്പിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിക്കേണ്ട നടപടി ഉൾപ്പെടെ റിപ്പോർട്ടിൽ വിജിലൻസ് ശിപാർശ ചെയ്യുമെന്നാണ് വിവരം. ചികിത്സാസഹായം, പ്രകൃതി ദുരന്ത സഹായം തുടങ്ങിയവയിൽ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഉദ്യോഗസ്ഥ സഹായം, ഏജന്റുമാരുടെ പ്രവർത്തന രീതികൾ, തുക വീതം വെയ്ക്കൽ എന്നിവയിൽ വിജിലൻസ് തെളിവ് ശേഖരിച്ചിട്ടുണ്ട്.
അതേസമയം ദുരിതാശ്വാസ നിധി തട്ടിപ്പിൽ ഭരണ പ്രതിപക്ഷ വാക്പോരും തുടരുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെ ഒപ്പിട്ട അപേക്ഷകളിൽ തട്ടിപ്പ് നടന്നതിനാൽ അതടക്കം ഉയർത്തിയാണ് സർക്കാർ പ്രതിരോധിക്കുന്നത്.
പൊതുജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചില ഉദ്യോഗസ്ഥർക്ക് വികസന, ക്ഷേമ പ്രവർത്തനങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന ചിന്തയുണ്ടെന്നും കളങ്കമുണ്ടാക്കുന്ന വ്യക്തികളെ തുടർന്ന് ചുമക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"വികസന പ്രവർത്തനവും ക്ഷേമപ്രവർത്തനവുമൊക്കെ നടക്കുമ്പോൾ അതിൽ നിന്ന് ലാഭമുണ്ടാക്കാം എന്ന ചിന്ത വളരെക്കുറച്ച് പേർക്കെങ്കിലും ഉണ്ടാകുന്നുണ്ട്. തന്റെ ഓഫീസിനും വകുപ്പിനും സംസ്ഥാനത്തിനാകെയും കളങ്കമുണ്ടാക്കുന്ന വ്യക്തിത്വങ്ങളെ തുടർന്ന് ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല. പൊതുജനങ്ങളുടെ പണം കട്ടെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്നാരും കരുതരുത്. ഇങ്ങനെ ചെയ്യുന്നവരോട് സർക്കാരിന് ഒരു ദാക്ഷിണ്യവും ഉണ്ടാവില്ല. സിവിൽ സർവീസിലുള്ള പുഴുക്കുത്തുകളായി മാത്രമേ ഇത്തരക്കാരെ സർക്കാർ കാണുകയുള്ളൂ"- മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യവേയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. അഴിമതി നടത്തുന്ന സർക്കാർ ജീവനക്കാരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നത് വെറും തെറ്റിദ്ധാരണയാണെന്നും തെറ്റായ ഇടപെടലുണ്ടായാൽ നടപടിയെടുക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.