മാസപ്പടി കേസിൽ ടി. വീണയെ പ്രതി ചേർത്ത സംഭവം: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരനും വി.ഡി സതീശനും

കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.

Update: 2025-04-03 16:33 GMT
Advertising

ന്യൂഡൽഹി/ തിരുവനന്തപുരം: മാസപ്പടി കേസിൽ ടി. വീണയെ എസ്എഫ്ഐഒ പ്രതി ചേർത്തതിനു പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യവുമായി പ്രതിപക്ഷം. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെപിസിസിപി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു.

മധുരയിലെ പാർട്ടി കോൺഗ്രസിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പാർട്ടി നടപടി പ്രഖ്യാപിക്കണം. ഇല്ലെങ്കിൽ പ്രക്ഷോഭമുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. മക്കളെ ഇത്രയേറെ സ്നേഹിക്കുന്ന മറ്റൊരാളില്ല. മുഖ്യമന്ത്രി സമ്പാദിക്കുന്ന പണം മുഴുവൻ മക്കൾക്കാണ്. കേന്ദ്രമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച ഈ കേസ് ഒത്തുതീർപ്പാക്കാനാണെന്നും കെ. സുധാകരൻ ആരോപിച്ചു.

ഇതിന്റെ വിശദാംശങ്ങൾ തനിക്ക് ലഭിച്ചു. കേസിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം. ആരോപണത്തിന് കൃത്യമായ തെളിവുണ്ട്. പലനാൾ കള്ളൻ ഒരു നാൾ കുടുങ്ങുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

ഒരു സേവനവും നൽകാതെ ടി. വീണയ്ക്ക് 2.7 കോടി രൂപ ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണെന്നും ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു. മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷം പോലും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ല.

മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News