നവകേരള സദസ്സിന് പണപ്പിരിവ്; സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നൽകണമെന്ന് ഉത്തരവ്

തദ്ദേശ സ്ഥാപനങ്ങൾ 50,000 മുതൽ മൂന്ന് ലക്ഷം രൂപ വരെ നൽകണം

Update: 2023-11-10 07:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മന്ത്രിമാരുടെ നവകേരള സദസ്സിന്  സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നൽകണമെന്ന് ഉത്തരവ്. സഹകരണ വകുപ്പ് നിർദേശ പ്രകാരം സഹകരണ രജിസ്ട്രാർ ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങൾ 50,000 മുതൽ മൂന്ന് ലക്ഷം രൂപ വരെ നൽകണം. ഇതിനായി തദ്ദേശ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്.

പൊതുഭരണ വകുപ്പിൻ്റെ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് വിവിധ വകുപ്പുകൾ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മണ്ഡല പര്യടനത്തിന് പണം അനുവദിക്കാനായി അനുമതി നൽകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ ഉത്തരവ് പ്രകാരം ഗ്രാമ പഞ്ചായത്തുകൾ അമ്പതിനായിരം രൂപയും മുനിസിപ്പാലിറ്റികളും ബ്ലോക്ക് പഞ്ചായത്തുകളും ഒരു ലക്ഷം രൂപ വരെയും നൽകണം. കോർപറേഷനുകൾ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തുക്കൾ മൂന്ന് ലക്ഷവുമാണ് സംഘാടക സമിതികൾക്ക് കൈമാറേണ്ടത്.

തനത് ഫണ്ടിൽ നിന്ന് നൽകണമെന്നാണ് ഉത്തരവിലെ നിർദേശം. സഹകരണ ബാങ്കുകളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും വൻ പണപ്പിരിവാണ് ലക്ഷ്യമിടുന്നത്. പണം നൽകാൻ അനുമതി നൽകുന്ന സഹകരണ രജിസ്ട്രാറുടെ ഉത്തരവിൽ നൽകേണ്ട പണത്തിന് പരിധി നിശ്ചയിക്കുന്നില്ല. അതിനാൽ സഹകരണ സ്ഥാപനങ്ങൾക്ക് മേൽ വലിയ തുക നൽകാൻ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടാവും.

നവംബർ 18ന് മഞ്ചേശ്വരത്താണു ജനസദസ്സിനു തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പർക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടക്കും. കെ.എസ്.ആർ.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. വേദിയിൽ എയർകണ്ടീഷൻ ഒരുക്കും. ചീഫ് സെക്രട്ടറി വി. വേണുവിനാണ് പ്രചാരണ ചുമതല. പാർലമെന്‍ററികാര്യ മന്ത്രി കെ.രാധാകൃഷ്ണനാണ് സംസ്ഥാനതല കോ-ഓർഡിനേറ്റർ. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News