എകെ ശശീന്ദ്രനെതിരെ ലോകായുക്തയില്‍ പരാതി; മന്ത്രിയെ മാറ്റി നിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യം
സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് പരാതിയില്‍ ആവശ്യം
കുണ്ടറ പീഡന പരാതി ഒത്ത് തീർപ്പാക്കാൻ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ ലോകായുക്തയിൽ പരാതി. സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് പരാതിയില്‍ ആവശ്യം. പായിച്ചറ നവാസ് എന്നയാളാണ് പരാതിക്കാരന്‍. പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി യുവതിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം മീഡിയാവണാണ് പുറത്തുകൊണ്ടുവന്നത്. മന്ത്രിയെ സ്ഥാനത്തു നിന്ന് മാറ്റി നിര്‍ത്താന്‍ ലോകായുക്ത മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം എകെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവർണർക്ക് പരാതി നൽകിയേക്കും. പീഡന പരാതി ഒത്തുതീർപ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി നൽകുക. ദേശിയ മനുഷ്യാവകാശ കമ്മീഷനും ദേശിയ വനിതാ കമ്മീഷനും സമാന പരാതി യുവതി കൈമാറും.
അതിനിടെ യുവതിയുടെ പരാതിക്ക് പിന്നിൽ രാഷ്ട്രീയ പ്രശ്നങ്ങളെന്ന് ഡി.ഐ.ജി ഇന്നലെ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പരാതി കൈകാര്യം ചെയ്യുന്നതിൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വീഴ്ചയെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടിട്ടും പരാതി തീർപ്പാക്കിയില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.