'ചാനൽ ചർച്ചയിലൂടെ അപകീർത്തിപ്പെടുത്തി'; ജനം ടിവിക്കും അനിൽ നമ്പ്യാർക്കും കെ. ജാമിതക്കുമെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

ശരിയായ അന്വേഷണം നടത്താതെ തനിക്കെതിരെ ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് പരാതി

Update: 2025-03-16 06:52 GMT
Editor : സനു ഹദീബ | By : Web Desk
Advertising

തിരുവനന്തപുരം: ജനം ടിവിക്കും അവതാരകൻ അനിൽ നമ്പ്യാർക്കും യുക്തിവാദി നേതാവുമായ കെ.ജാമിതക്കുമെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി യൂട്യൂബറും ഓൺലൈൻ മാധ്യമപ്രവർത്തകയുമായ ഷഫീന ബീവി. ചാനൽ ചർച്ചയിൽ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പരാതി. ശരിയായ അന്വേഷണം നടത്താതെ തനിക്കെതിരെ ചാരവൃത്തി, രാജ്യദ്രോഹം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നു. 'തത്വമയി ന്യൂസ്' ചാനലിനെതിരെയും പരാതി നൽകിയിട്ടുണ്ട്.

ചാനൽ ചർച്ചയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് ഷഫീന ബീവി പരാതി നൽകിയിരിക്കുന്നത്. ചർച്ച വെള്ളിയാഴ്ചയും ശനിയാഴ്ചയും യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെ സംബന്ധിച്ച് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും, എന്നിട്ടും അപകീർത്തിപ്പെടുത്തുന്നത് തുടരുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

"പരേതനായ എന്റെ മുൻഭർത്താവ് ബംഗ്ലാദേശ് സ്വദേശിയാണ്. അത് മുൻനിർത്തി ഞാൻ ചാരവൃത്തി നടത്തുന്നുവെന്നാണ് അവർ അവകാശപ്പെടുന്നത്. ഈ ബന്ധവും ഞാൻ മുസ്ലിം ആയതും മൂലം ഞാൻ സുപ്രധാന വിവരങ്ങൾ കൈമാറുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു. ഞാൻ ഒരു മുസ്ലിം ആണെന്നതിനൊപ്പം ഒരു ഇന്ത്യൻ പൗരനും കൂടിയാണ്. എന്റെ കുടുംബത്തിന് ഈ രാജ്യത്ത് ആഴത്തിലുള്ള വേരുകൾ ഉണ്ട്. എനിക്ക് എന്റെ രാജ്യത്തെ ഒറ്റിക്കൊടുക്കേണ്ട ആവശ്യമില്ല. എന്റെ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുന്ന രാജ്യസ്നേഹി ആണ് ഞാൻ," പരാതിയിൽ വ്യക്തമാക്കുന്നു.

ആയിരക്കണക്കിന് ആളുകൾ കാണുന്ന തത്സമയ വാർത്തകളിൽ ഈ അവകാശവാദങ്ങൾ ആവർത്തിച്ച് ഉന്നയിച്ചുവെന്നും ഷഫീന ബീവി ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിന് മുന്നിൽ തന്നെ അപകീർത്തിപ്പെടുത്തി. രാജ്യദ്രോഹിയാക്കി. എന്റെ മക്കൾക്ക് മൂന്നിൽ കൂടുതൽ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ ഉണ്ടെന്ന് അവർ അവകാശപ്പെട്ടു. അവർക്ക് ഒരു രാജ്യത്തെ പാസ്പോർട്ട് മാത്രമേയുള്ളു. എന്റെ കുട്ടികളെയും അവർ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ്.

ദുബൈയിൽ പെൺകുട്ടികളെ പിമ്പിങ് ചെയ്തതിന് 65 ദിവസത്തിലധികം ഞാൻ ജയിലിൽ കിടന്നിട്ടുണ്ടെന്നും അവർ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളുടെ പേരിൽ ഒരിക്കൽ പോലും ഞാൻ അറസ്റ്റിലായിട്ടില്ല. തെളിവുകൾ ഇല്ലാതെയാണ് അവർ ചാനലുകളിൽ എന്നെക്കുറിച്ച്  ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ ഈ പറഞ്ഞ കാര്യങ്ങളൊന്നും ശരിയല്ല. അതിനാൽ താൻ നൽകിയ പരാതിയിൽ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.


Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News