ആശമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം ഇന്ന്; സമരം പൊളിക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ട്
വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിൻ്റെ ഭാഗമായേക്കും
തിരുവനന്തപുരം: ആശാ പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം. സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം നടത്താനാണ് ആശമാരുടെ തീരുമാനം. രാവിലെ 9.30 ന് സെക്രട്ടറിയേറ്റിന്‍റെ 4 ഗേറ്റും ആശമാർ ഉപരോധിക്കും. വിവിധ സന്നദ്ധ സംഘടനകളും ഉപരോധ സമരത്തിൻ്റെ ഭാഗമായേക്കും.
ഇതിനിടെ ഉപരോധ ദിവസം തന്നെ സർക്കാർ ഏകദിന പരിശീലന പരിപാടി ആശമാർക്കായി സംഘടിപ്പിച്ചിട്ടുണ്ട്. പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ ഗ്രിഡ് എന്നിവ സംബന്ധിച്ചുള്ള പരിശീലനമാണ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ കോട്ടയം ,തൃശൂർ ജില്ലകളിലാണ് പരിശീലനം. പങ്കെടുക്കുന്നവരുടെ ഹാജർ നില മെഡിക്കൽ ഓഫീസർ പരിശോധിച്ച് വൈകിട്ടു തന്നെ ജില്ല ഓഫീസ് മുഖേന വകുപ്പിന് കൈമാറണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, സമരം പൊളിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശമാരുടെ ആരോപണം.