'പദ്ധതിയുടെ തുടക്കത്തിലേ ആശങ്ക അറിയിച്ചു'; മെഡിസെപ്പുമായി ബന്ധപ്പെട്ട് സർക്കാർ അനുകൂല സംഘടനയ്ക്കും എതിർപ്പ്
ഇപ്പോഴത്തെ കമ്പനി മെഡിസെപ്പ് ആനുകൂല്യമുള്ളവരെ രണ്ടാം തര പൗരന്മാരായിട്ടാണ് കാണുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍
തിരുവനന്തപുരം:മെഡിസെപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല സംഘടനയ്ക്കും എതിര്‍പ്പ്. പദ്ധതിയുടെ തുടക്കത്തിലെ ഇത് സംബന്ധിച്ച ആശങ്കകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നതായി ജോയിന്റ് കൗൺസില്‍ പറഞ്ഞു.
സംസ്ഥാന ഇന്‍ഷൂറന്‍സ് കമ്പനിയെ നോഡല്‍ ഏജന്‍സിസായി നിയോഗിച്ച് പദ്ധതി നടപ്പിലാക്കണമെന്ന ആവശ്യമാണ് ജോയിന്റ് കൗണ്‍സില്‍ ഉന്നയിച്ചത്. ഇപ്പോഴത്തെ കമ്പനി മെഡിസെപ്പ് ആനുകൂല്യമുള്ളവരെ രണ്ടാം തര പൗരന്മാരായിട്ടാണ് കാണുന്നതെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍ ആരോപിച്ചു.
കോര്‍പറേറ്റ് ഇന്‍ഷൂറന്‍സ് കമ്പനിയും കോര്‍പറേറ്റ് ആശുപത്രികളും ചേര്‍ന്ന് പദ്ധതിയെ താളം തെറ്റിച്ചുവെന്നാണ് സര്‍ക്കാര്‍ അനുകൂല സംഘടനയുടെ ആരോപണം. കോര്‍പറേറ്റുകളുടെ കോക്കസ് ഈ പദ്ധതിയെ പരാജയപ്പെടുത്താനായി മാത്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാര്യങ്ങളടക്കം ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതാണെന്ന് ജോയിന്റ് കൗണ്‍സില്‍ പറയുന്നു. പുതിയ വ്യവസ്ഥകള്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരേയും കമ്പനി ബുദ്ധിമുട്ടിക്കുന്നുവെന്ന ആരോപണവും ഉയരുന്നു. ഇക്കാരണത്താല്‍ ഗുണഭോക്താക്കള്‍ക്കിടയില്‍ വലിയ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
മെഡിസെപ്പ് പദ്ധതിയെ സര്‍ക്കാര്‍ കാര്യക്ഷമമായി കാണണമെന്നാവശ്യവും ജോയിന്റ് കൗണ്‍സില്‍ ഉന്നയിക്കുന്നു. സര്‍ക്കാരിലെ മറ്റൊരു നല്ല വകുപ്പ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏറ്റെടുക്കണം. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പിനെ ശാക്തീകരിച്ച് മെഡിസെപ്പ് പദ്ധതിയെ ഉയര്‍ത്തി കൊണ്ടുവരണം എന്നാവശ്യവും ജോയിന്റ് കൗണ്‍സിലിനുണ്ട്. മെഡിക്കല്‍ റീഇംപേഴ്സ്മെന്റ് സുതാര്യമാക്കണമെന്നാവശ്യവും ജോയിന്റ് കൗണ്‍സിലിന് സര്‍ക്കാരിനോട് ആവശ്യപ്പെടാനുണ്ട്. നിബന്ധനകളില്‍ മാറ്റം വരുത്തി മെഡിസെപ്പ് പുനരാവിഷ്കരിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ ഉന്നയിക്കുന്നു. ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രശ്നപരിഹാരം ഉറപ്പുവരുത്തണണെന്നും സര്‍ക്കാര്‍ അനുകൂല സംഘടനയിലെ ജീവനക്കാര്‍ പറയുന്നു.