ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റ്; ചാനല്‍ ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം
ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കേ പുതിയ നിർദേശവുമായി നേതൃത്വം.
ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിനെ തുടർന്നുള്ള ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം. ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്.
കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പ്രത്യക്ഷമായി രംഗത്തെത്തി. അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. എന്നാൽ അപ്രതീക്ഷിതമായി, സുധാകരന് പിന്തുണയുമായി കെ മുരളീധരൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. പതിവിനു വിപരീതമായി കടുത്ത പരാമർശമാണ് ഉമ്മൻചാണ്ടി സംസ്ഥാന നേതൃത്വത്തിനെതിരെ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഉടനീളം അതൃപ്തി പ്രകടമായിരുന്നു.
'ഫലപ്രദമായ ചർച്ച നടന്നിരുന്നെങ്കിൽ ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് ഉണ്ടാക്കാമായിരുന്നു. അനാവശ്യമായാണ് തന്റെ പേര് പലയിടങ്ങളിലും വലിച്ചിഴച്ചത്. പട്ടിക ആവശ്യപ്പെട്ടതുകൊണ്ടാണ് മൂന്ന് പേരുടെ പേരുകൾ നൽകിയത്. എന്നാൽ എവിടെയും ചർച്ച ഉണ്ടായില്ല. ഇല്ലാത്ത ചർച്ച നടന്നു എന്ന തരത്തിൽ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. അഭിപ്രായ പ്രകടനം നടത്തിയവരോട് വിശദീകരണം ചോദിക്കാമായിരുന്നു. അല്ലാതെയുള്ള അച്ചടക്ക നടപടികളൊന്നും തന്നെ ജനാധിപത്യ രീതിയിൽ ഉള്ളതല്ല'- ഉമ്മൻചാണ്ടി പറയുന്നു.
അതൃപ്തി തുറന്നുപറഞ്ഞും നീരസം ഉള്ളിലൊതുക്കിയുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നതായും എന്നാൽ വേണ്ടത്ര ചർച്ചകൾ സംസ്ഥാന തലത്തിൽ നടന്നില്ല എന്നും രമേശ് കുറ്റപ്പെടുത്തി. രമേശിന്റെ പ്രതികരണം ഇങ്ങനെ;
' കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായി അംഗീകരിക്കുന്നു. അഭിപ്രായ വ്യത്യാസങ്ങൾ കാണും. ഇക്കാര്യത്തിൽ കുറേക്കൂടി വിശദമായ ചർച്ചകൾ സംസ്ഥാന തലത്തിൽ നടക്കേണ്ടതായിരുന്നു. ഹൈക്കമാൻഡിന്റെ ഇടപെടൽ കുറച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഏതായാലും അത്തരം കൂടുതൽ ചർച്ചകൾ ഇനിയും സംസ്ഥാന തലത്തിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുകയാണ്. 14 ഡിസിസി പ്രസിഡന്റുമാർക്കും പാർട്ടിയെ മുമ്പോട്ടുകൊണ്ടു പോകാൻ ആകട്ടെ എന്ന് ആശംസിക്കുന്നു.
ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും തള്ളി, സുധാകരനെ പിന്തുണച്ച് കെപിസിസി മുൻ അധ്യക്ഷൻ കെ മുരളീധരൻ രംഗത്തെത്തി. വിശാലമായ ചർച്ച ഇത്തവണ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മുരളീധരന്റെ പ്രതികരണം. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. അത്രയേ ഇപ്പോഴും ഉണ്ടായിട്ടുള്ളൂ. ഗ്രൂപ്പ് യോഗ്യതയും അയോഗ്യതയും അല്ല. ഞാൻ ഗ്രൂപ്പിന്റെ ഭാഗമായിട്ടില്ല. എല്ലാവർക്കും അതിന്റെതായ നിലപാടുകളുണ്ട്. യോഗ്യരായവരെയാണ് ഇപ്പോൾ നിയമിച്ചിട്ടുള്ളത്. പിന്നെ ചിലയിടത്ത് പ്രായം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആ പ്രായം എന്ന് പറയുന്നത് അവരൊക്കെ സീനിയേഴ്‌സ് ആണ്. നന്നായി പ്രവർത്തിക്കാൻ കഴിയുന്നവരാണ്. എം.പിമാരുമായും എം.എൽ.എമാരുമായും മുൻ പ്രസിഡന്റുമാരുമായും ചർച്ച നടത്തി. മെച്ചപ്പെട്ട പട്ടികയാണ് പുറത്തുവന്നത്. എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ കൂട്ടായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നതാണ്'- എന്നായിരുന്നു മുരളിയുടെ വാക്കുകൾ.