പിണറായി വിജയന്‍ കൊടുവാള്‍ കൊണ്ട് വെട്ടി: ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്
'താനാണോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് വെട്ടി. കഴുത്തിന് നേരെ വെട്ടി. തടുത്തപ്പോള്‍ കൈയ്ക്ക് മുറിവേറ്റു'
പിണറായി വിജയന്‍ തന്നെ കൊടുവാള്‍ കൊണ്ടുവെട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കണ്ടോത്ത് ഗോപി. മുഖ്യമന്ത്രിക്ക് മറുപടി നല്‍കാന്‍ കെ സുധാകരന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് കണ്ടോത്ത് ഗോപി ഇക്കാര്യം പറഞ്ഞത്.
"അടിയന്തരാവസ്ഥക്കാലത്ത് പിണറായി ദിനേശ് ബീഡി സൊസൈറ്റിയില്‍ നിയമിച്ച 26 തൊഴിലാളികളെ 77ല്‍ മൊറാര്‍ജി ദേശായിയുടെ കാലത്ത് പിരിച്ചുവിട്ടു. ഈ തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കാല്‍നട പ്രചരണ ജാഥ നടത്താന്‍ തുടങ്ങിയപ്പോള്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ആയുധധാരികളായ ആളുകള്‍ വന്നു. പിണറായി വിജയന്‍ മുന്‍പിലുണ്ട്. കൊടുവാള്‍ കയ്യിലുണ്ട്. താനാണോ ജാഥാ ലീഡര്‍ എന്ന് ചോദിച്ച് കൊടുവാള്‍ കൊണ്ട് വെട്ടി. കഴുത്തിന് നേരെ വെട്ടിയപ്പോള്‍ കൈകൊണ്ട് തടുത്തപ്പോള്‍ മുറിവുണ്ടായി. അന്ന് സിപിഐ നേതാക്കളാണ് ആശുപത്രിയിലെത്തിച്ചത്. ഇതിനെതിരായ കേസ് പിണറായി സ്വാധീനമുപയോഗിച്ച് ഇല്ലാതാക്കി"- എന്നാണ് കണ്ടോത്ത് ഗോപി പറഞ്ഞത്.
പിണറായി വിജയന്‍റെ അക്രമത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയാണ് കോണ്‍ഗ്രസ് നേതാവായ കണ്ടോത്ത് ഗോപിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഡിസിസിയുടെ ജില്ലാ സെക്രട്ടറിയാണ് ഗോപി. ധര്‍മടം നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസിന്‍റെ കരുത്തനായ നേതാവാണ് ഗോപിയെന്നും അദ്ദേഹത്തിന് ചിലത് പറയാനുണ്ടെന്നും പറഞ്ഞാണ് കെ സുധാകരന്‍ മൈക്ക് കൈമാറിയത്. തുടര്‍ന്നാണ് കണ്ടോത്ത് ഗോപി മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്.
"വെടിയുണ്ട ആരില്‍ നിന്നാണ് പിടിച്ചത്?"
തോക്കും വെടിയുണ്ടയുമായി നടക്കുന്ന പിണറായി വിജയനാണോ ഇതുവരെ തോക്ക് ഉപയോഗിക്കാത്ത താനാണോ മാഫിയ എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ഇന്നലെ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സുധാകരന്‍.
"വെടിയുണ്ട ആരില്‍ നിന്നാണ് പിടിച്ചത്? എന്തിനാണ് ഉണ്ട കൊണ്ടുനടന്നത്? ഉണ്ടയുണ്ടെങ്കില്‍ തോക്കുമുണ്ടാകുമല്ലോ. തോക്കുമായി നടക്കുന്ന, വെടിയുണ്ട പേറി നടക്കുന്ന പിണറായി വിജയനാണോ മാഫിയ അതോ ഇതുവരെ ഒരു തോക്കും ഉപയോഗിക്കാത്ത ഞാനാണോ മാഫിയ? വെടിയുണ്ട കണ്ടെടുത്ത കേസിൽ കോടതിയിൽ നിന്ന് പിണറായിക്ക് തിരിച്ചടി കിട്ടിയതാണ്. ജനം വിലയിരുത്തട്ടെ, ഈ നാട് വിലയിരുത്തട്ടെ". നട്ടെല്ലുണ്ടെങ്കിൽ തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.
"ചവിട്ടി താഴെയിട്ടെന്ന് പറഞ്ഞിട്ടില്ല"
ബ്രണ്ണന്‍ കോളജില്‍ വെച്ച് മുഖ്യമന്ത്രിയെ ചവിട്ടി താഴെയിട്ടെന്ന് അഭിമുഖത്തില്‍ പറഞ്ഞിട്ടില്ല. ഓഫ് ദ റെക്കോഡ് എന്ന് അടിവരയിട്ട് പറഞ്ഞ കാര്യങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും കെ സുധാകരന്‍ വിശദീകരിച്ചു- "അഭിമുഖത്തില്‍ വന്ന എല്ലാ കാര്യങ്ങളും ഞാന്‍ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാന്‍ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകന്‍ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങള്‍ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്‌സണലായി നല്‍കിയിട്ടുണ്ട്. ചതിയുടെ ശൈലിയില്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തില്‍ ചേര്‍ത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവര്‍ത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല"- സുധാകരന്‍ പറഞ്ഞു.
കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞു?
മുഖ്യമന്ത്രിയുടെ കുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ഗൂഢാലോചന നടത്തിയെന്ന് ആര് പറഞ്ഞുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തനിക്ക് ഫിനാൻഷ്യർ ഉണ്ടായിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രി പരാതിപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ ചോദിച്ചു. അവ്യക്തമായ സൂചനകൾ വെച്ച് ആരോപണം ഉന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് ചേരുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.
തനിക്ക് വിദേശ കറൻസി ഇടപാട് ഉണ്ടെന്ന് പറയുന്നത് മുഖ്യമന്ത്രി ആണ്. അത് നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ്. സ്വപ്നയെ അറിയില്ലയെന്ന് പറഞ്ഞ പിണറായി വിജയനെ കൊച്ചുകുട്ടികൾ പോലും വിശ്വസിക്കില്ല. വിദേശ കറൻസി ഇടപാടുണ്ടെന്നത് കള്ള പ്രചാരണം മാത്രമാണ്. മണൽ മാഫിയയുമായി ബന്ധം ഉണ്ടെങ്കിൽ അന്വേഷിക്കണം. മണൽ മാഫിയയുമായി എനിക്ക് ബന്ധമുണ്ടെങ്കിൽ അന്വേഷിക്കും. ഇത്തരം പ്രചാരണം നടത്താൻ അപാരമായ തൊലിക്കട്ടി വേണമെന്നും സുധാകരന്‍ പറഞ്ഞു.