കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ അക്രമം: ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു

കോട്ടയം ഡിസിസി ഓഫീസിലേക്ക് തീപന്തം എറിഞ്ഞു

Update: 2022-07-01 04:19 GMT
Advertising

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററിനു നേരെ ഇന്നലെ രാത്രി ബോംബേറുണ്ടായ സംഭവത്തിനു പിന്നാലെ വിവിധ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം. കോട്ടയം ഡിസിസി ഓഫീസിലേക്ക് ഇന്നലെ തീപന്തം എറിഞ്ഞു. സി.പി.എം പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഡി.സി.സി ഓഫീസിന് നേരെ കല്ലേറുമുണ്ടായി.

ആലപ്പുഴയിൽ മൂന്ന് ഇടങ്ങളിൽ കോൺഗ്രസിന്‍റെ സ്തൂപങ്ങളും കൊടിതോരണങ്ങളും തകർത്തു. വെള്ളക്കിണറുള്ള രാജീവ്‌ ഗാന്ധി സ്തൂപവും കൊടിമരവും നശിപ്പിച്ചു. ചത്തനാട് മന്നത്ത് കൊടിമരം തകർത്തു. ഹെഡ് പോസ്റ്റ്‌ ഓഫീസിന് സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ ഇന്നലെ തകർത്തിരുന്നു. പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു. ഇന്ന് വൈകിട്ട് ഡി.സി.സി പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തു.

കുട്ടനെല്ലൂർ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫീസിന്റെ ബോർഡും ഫ്‌ളക്‌സ് ബോർഡുകളും നശിപ്പിച്ചു.

എ.കെ.ജി സെന്‍ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞത് ബൈക്കിലെത്തിയ ആള്‍

എ.കെ.ജി സെന്‍ററിന്‍റെ പ്രധാന കവാടത്തിൽ പൊലീസ് കാവൽ നിൽക്കെയാണ് തൊട്ടടുത്ത ഗേറ്റിന് നേരെ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ ആളാണ് ബോംബെറിഞ്ഞത്. ഇതിന് മുൻപ് മറ്റൊരാൾ സ്കൂട്ടറിൽ വന്ന് നിരീക്ഷിച്ചു തിരിച്ചു പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

ലഭിച്ച ദൃശ്യത്തിൽ നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല. കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടുകയാണ് പൊലീസ്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കും.

വലിയ ശബ്ദം കേട്ടെന്ന് പി.കെ ശ്രീമതി പറഞ്ഞു. കോൺഗ്രസാണ് ബോംബാക്രമണത്തിന് പിന്നിലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപിച്ചു. സംസ്ഥാനത്തെ കലാപ ഭൂമിയാക്കി ക്രമസമാധാന നില തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ഘടക കക്ഷി നേതാക്കളും മന്ത്രിമാരും എ.കെ.ജി സെന്ററിലേക്ക് എത്തി. 

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News